കനാൽ തുറന്നു; കാണുന്നതു കൊള്ളാം, പക്ഷേ... സൂക്ഷിക്കണം

Mail This Article
അഞ്ചൽ ∙ കല്ലട പദ്ധതിയിലെ ഇടതുകര കനാൽ നിറഞ്ഞൊഴുകുന്ന കാഴ്ച കാണാൻ ഭംഗിയാണ്. എന്നാൽ സൂക്ഷിക്കുക... അപകടം പതിയിരിപ്പുണ്ട്! നീന്തൽ വശമുള്ളവർ പോലും ഇതിൽ ഇറങ്ങുന്നത് അപകടകരമാണ്. കുളിക്കാനും വിനോദത്തിനും കനാലിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പ് ഉണ്ടെങ്കിലും ചിലർ ഇതു വകവയ്ക്കാറില്ല. നഷ്ടമാകുന്നതു വിലയേറിയ ജീവനാണെന്ന് ഓർക്കുക മാത്രമാണു ചെയ്യാവുന്നത്. കനാൽ വഴി ജല വിതരണം നടക്കുന്ന മാസങ്ങളിൽ കരയിൽ താമസിക്കുന്നവർക്ക് ആധിയാണ്. സ്ഥലപരിചയം ഇല്ലാത്ത യുവാക്കൾ ഒറ്റയ്ക്കും കൂട്ടമായും എത്തി വെള്ളത്തിൽ ഇറങ്ങുന്നതാണു പ്രശ്നം. മുൻ വർഷങ്ങളിൽ ഒട്ടേറെ ജീവനുകൾ കനാലിൽ പൊലിഞ്ഞിട്ടുണ്ട്.
ആരെങ്കിലും വെള്ളത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം എളുപ്പമല്ല. നീളമേറിയ നീർപ്പാലങ്ങളും തുരങ്കവും മറ്റും പ്രതികൂലമാണ്. കുത്തൊഴുക്ക് കാരണം കയറോ മറ്റോ ഇട്ടുകൊടുത്തു രക്ഷിക്കാനും കഴിയാറില്ലെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം കണ്ടെത്തുന്നതു പോലും ശ്രമകരമാണ്. ഒറ്റക്കൽ തടയണയിൽ നിന്നുള്ള നീരൊഴുക്ക് അടച്ചാൽ മാത്രമാണു കനാലിൽ ജലനിരപ്പു കുറയുക. അതിനു സമയം ആവശ്യമാണ്. അതു കാരണം ഒഴുക്കിൽപെട്ടയാളുടെ മൃതദേഹം കണ്ടെത്തുന്നതു ദിവസങ്ങൾ കഴിഞ്ഞായിരിക്കും. കനാലിലെ ജലസമൃദ്ധി കാണാൻ എത്തുന്നവർ കനാലുമായി അകലം പാലിക്കുക എന്നതാണു പ്രധാനം. കനാൽ റോഡിൽ വാഹനം ഓടിക്കുമ്പോഴും ശ്രദ്ധവേണം. ചെറിയ അശ്രദ്ധ ചിലപ്പോൾ വലിയ നഷ്ടങ്ങൾക്ക് ഇടയാക്കും.