ആകാശപ്പക്ഷിയായി ജിതിൻ; ത്രിവർണ പതാകയുമായി ഉയരെ പാറിപ്പറന്ന്...

Mail This Article
കൊല്ലം ∙ എവറസ്റ്റ് കൊടുമുടിയുടെ 29,032 അടി നെറുകയിലെത്തി ഇന്ത്യൻ പതാക പറത്തണം– ജിതിൻ വിജയന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. പലതുകൊണ്ടും അതു നടന്നില്ല. പക്ഷേ, ത്രിവർണ പതാകയുമായി ജിതിൻ ആകാശത്തു പക്ഷിയായി പാറി. അതും ഭൂമിയിൽ നിന്നു 42,431 അടി (ഏകദേശം 13 കിലോമീറ്റർ) ഉയരത്തിൽ. സ്കൈ ഡൈവ് ചെയ്തുള്ള ആ പറക്കൽ നേരെ ലാൻഡ് ചെയ്തത് ഒരുപിടി ഗിന്നസ് റെക്കോർഡുകളിലേക്കാണ്. രാഷ്ട്രപതിയിൽ നിന്നു ടെൻസിങ് നോർഗെ ദേശീയ അഡ്വഞ്ചർ പുരസ്കാരവും നേടി ആകാശച്ചാട്ടങ്ങളിലൂടെ നേട്ടത്തിന്റെ കൊടുമുടിയിലാണ് ജിതിൻ. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ജിതിൻ 21 വർഷമായി എറണാകുളത്താണ് താമസിക്കുന്നത്. ഷൂട്ടിങ്, കുതിരയോട്ടം, ടെന്നിസ്, പാരാഗ്ലൈഡിങ്, സ്കൈ ഡൈവിങ്, മലകയറ്റം എന്നിങ്ങനെ പലതും പരീക്ഷിച്ച ജിതിൻ ഉറച്ചു നിന്നത് സ്കൈഡൈവിങ്ങിലാണ്. 2019ൽ ഒരു ഔദ്യോഗിക യാത്രയ്ക്കിടെ ന്യൂസീലൻഡിലാണ് ആദ്യ സ്കൈ ഡൈവിങ്. 2023 ജൂലൈ ഒന്നിന് യുഎസിലെ വെസ്റ്റ് ടെന്നസിയിലായിരുന്നു റെക്കോർഡ് ചാട്ടം.
വലതുകയ്യിൽ ഇന്ത്യൻ പതാക ചുറ്റി, വിമാനത്തിൽ നിന്നു ഡൈവിങ്. പിന്നെ ചുറ്റിക്കറങ്ങിയും ഉയർന്നും താഴ്ന്നും കയ്യിൽ ത്രിവർണ പതാകയുമായി വായുവിൽ ഒരു നീന്തൽ. ഭൂമി തൊടാൻ 5000 അടിയുള്ളപ്പോൾ പാരഷൂട്ട് വിടർത്തി, വേഗം കുറച്ച് മുൻകൂട്ടി നിശ്ചയിച്ച പോലെ ലാൻഡിങ്. 42,000 അടി ഉയരത്തിൽ നിന്നു സ്കൈ ഡൈവിങ് നടത്തിയ ആദ്യ ഏഷ്യക്കാരൻ. പതാകയുമായി ഹൈ ആൾട്ടിറ്റ്യൂഡ് സ്കൈഡൈവിങ്, ഹൈയസ്റ്റ് ഫ്രീഫോൾ ടൈം ഇൻ ഫ്ലാറ്റ് ഫ്ലയിങ്, ഗ്രേറ്റസ്റ്റ് ഡിസ്റ്റൻസ് ഫ്രീഫോൾ വിത് ഫ്ലാഗ്, വിവിധ ഡ്രോപ്സോണുകളിൽ തുടർച്ചയായി 18 ദിവസം സ്കൈഡൈവ് എന്നിങ്ങനെയുള്ള ഗിന്നസ് റെക്കോർഡുകളാണ് നേടിയത്. ഏഷ്യൻ, ദേശീയ റെക്കോർഡുകൾ വേറെയുമുണ്ട്. ഇതുവരെ നാനൂറോളം സ്കൈ ഡൈവിങ് നടത്തിയ ജിതിന്റെ പിന്തുണ ഐടി സംരംഭകയായ ഭാര്യ കൊല്ലം അഞ്ചാലുംമൂട് കുപ്പണ പറപ്പാട്ട് വീട്ടിൽ ദിവ്യയും 10–ാം ക്ലാസ് വിദ്യാർഥിയായ മകൻ സൗരവുമാണ്.
ടെൻസിങ് നോർഗെ ദേശീയ അഡ്വഞ്ചർ പുരസ്കാരം
സാഹസിക കായിക രംഗത്തെ സംഭാവനകൾക്കു നൽകുന്ന പരമോന്നത ദേശീയ പുരസ്കാരമാണ് ടെൻസിങ് നോർഗെ. കര, കടൽ, വായു വിഭാഗങ്ങളിലും ലൈഫ് ടൈം അച്ചീവ്മെന്റ് മേഖലയിലുമാണു പുരസ്കാരം. അർജുന അവാർഡിനു തുല്യമാണിത്. സ്കൈ ഡൈവിങ് മികവിൽ 2023ലെ പുരസ്കാരത്തിനാണു ജിതിൻ അർഹനായത്. ഈ മേഖലയിൽ പുരസ്കാരം ലഭിക്കുന്ന പതിനെട്ടാമത്തെ ഇന്ത്യക്കാരനാണ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ജിതിൻ പുരസ്കാരം കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.