ലിങ്ക് റോഡ് മാർച്ചിൽ തുറക്കും, നവീകരണം ജിയോ ടെക്സ്റ്റൈൽ– ജിയോ സെൽ സാങ്കേതിക വിദ്യയിൽ; വെള്ളമുയർന്നാലും തകരില്ല

Mail This Article
കൊല്ലം ∙ നൂതനമായ ജിയോ ടെക്സ്റ്റൈൽ– ജിയോ സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലിങ്ക് റോഡിന്റെ നവീകരണം പുരോഗമിക്കുന്നു. റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജിയോ ടെക്സ്റ്റൈൽ– ജിയോ സെൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിനോടകം 250 മീറ്ററോളം ടാറിങ് പൂർത്തിയായിട്ടുണ്ട്. കായലിന് അഭിമുഖമായുള്ള ലിങ്ക് റോഡിന്റെ ഭാഗത്തെ മണ്ണിന്റെ ബലക്കുറവ് കണക്കിലെടുത്താണ് പുതിയ രീതി ഉപയോഗിച്ച് റോഡ് ബലപ്പെടുത്തുന്നത്. ഇത് പൂർത്തിയാവുന്നതോടെ ഈ ഭാഗത്തെ ടാറിങ് പൂർത്തിയാക്കും. ഫെബ്രുവരി 28 വരെ നിർമാണത്തിനായി അടച്ചിട്ടിരിക്കുന്ന റോഡ് മാർച്ച് ആദ്യത്തോടെ തുറന്നു നൽകിയേക്കും.
സംസ്ഥാനത്തെ പൊതുമരാമത്തിന്റെ പ്രധാന റോഡുകളിൽ രണ്ടാം തവണയാണ് ജിയോ ടെക്സ്റ്റൈൽ– ജിയോ സെൽ സാങ്കേതിക വിദ്യ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം തൃശൂർ കുന്നംകുളം കേച്ചേരി–അക്കിക്കാവ് ബൈപാസ് നവീകരണത്തിന് ഈ രീതി ഉപയോഗിച്ചിരുന്നു. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയം വലിയ തോതിൽ ബാധിച്ചിരുന്ന ഭാഗമായിരുന്നു ഇത്. സമാനമായ വെള്ളത്തിന്റെ സാമീപ്യമുള്ള, കായലോരങ്ങളിലും മറ്റുമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ജിയോ ടെക്സ്റ്റൈൽ– ജിയോ സെൽ രീതിയിൽ നിർമിക്കുമ്പോൾ വെള്ളമുയർന്നാലും റോഡിന് തകർച്ചയുണ്ടാവില്ല. ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗീകരിച്ച ഈ രീതിയിൽ അസംസ്കൃത വസ്തുക്കളുടെ ഉപയോഗവും കുറവാണ്. ഈ വർഷം ജനുവരി ഒന്ന് മുതലാണ് റോഡ് അടച്ചു നിർമാണം ആരംഭിച്ചത്.
3 ഭാഗങ്ങളായി നടത്തുന്ന ടാറിങ്ങിൽ ചിന്നക്കട– ആശ്രാമം റോഡിൽ നിന്ന് ലിങ്ക് റോഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ചെറിയ റോഡിന്റെ നിർമാണ പ്രവൃത്തിയാണ് ആദ്യം നടന്നത്. ഇത് ടാറിങ് നടത്തി തുറന്നു നൽകിയിട്ടുണ്ട്. ആശ്രാമം ഹോക്കി സ്റ്റേഡിയം, ബവ്റിജ്, ഇറിഗേഷൻ ഓഫിസ് എന്നീ ഇടങ്ങളിലേക്ക് ഈ റോഡിലൂടെ പ്രവേശിക്കാൻ സാധിക്കും. ലിങ്ക് റോഡിലെ കൂടുതൽ ദൂരമുള്ള ഭാഗമായ കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ ഹോക്കി സ്റ്റേഡിയം റോഡ് വരെയുള്ള ടാറിങ്ങാണ് ഇനി നടക്കാനുള്ളത്. റോഡ് ബലപ്പെടുത്തൽ പൂർത്തിയായാൽ ഈ ഭാഗവും ടാർ ചെയ്യും.
ഫെബ്രുവരിയിൽ മന്ത്രി മുഹമ്മദ് റിയാസ് ആണ് ലിങ്ക് റോഡിന്റെ നവീകരണത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്. എട്ടു മാസത്തിനകം പണി പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം എങ്കിലും ഇഴഞ്ഞാണ് പണികൾ നടന്നത്. നിലവിലുള്ള ലിങ്ക് റോഡ് ഉയർത്തുകയും റോഡിന് ഇരുവശത്തും ഓട, നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കുകയുമാണ് ചെയ്യുന്നത്. വീതി കുറഞ്ഞ ഭാഗങ്ങളിൽ 2 വരിയും മറ്റു ഭാഗങ്ങളിൽ 4 വരിയിലുമാക്കി നിരപ്പിൽ നിന്ന് ഉയർത്തി ഡിബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്.