അനധികൃത സ്വത്ത് സമ്പാദനം: ചിതറ വില്ലേജ് ഓഫിസറുടെ വീട്ടിൽ വിജിലൻസ് പരിശോധന

Mail This Article
കടയ്ക്കൽ∙ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെത്തുടർന്ന് ചിതറ വില്ലേജ് ഓഫിസർ ഹരിദേവിന്റെ വീട്ടിലും വളവുപച്ചയിലുള്ള വില്ലേജ് ഓഫിസിലും വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നെത്തിയ വിജിലൻസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ മതിരയിലുള്ള വില്ലേജ് ഓഫിസറുടെ വീടായ ഗൗരി നന്ദനത്തിലും ഇൻസ്പെക്ടർ ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം വളവുപച്ചയിൽ വില്ലേജ് ഓഫിസിലും പരിശോധന നടത്തി. വില്ലേജ് ഓഫിസിലെ പരിശോധന ഉച്ചയ്ക്ക് അവസാനിച്ചു. വീട്ടിലെ പരിശോധന വൈകിട്ടും തുടർന്നു. കഴിഞ്ഞ ദിവസം ഹരിദേവിന്റെ പേരിൽ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
രണ്ടു വർഷം മുൻപ് പാലക്കാട്ട് വില്ലേജ് ഓഫിസറായിരുന്ന ഹരിദേവിനെ വിജിലൻസ് നടത്തിയ പരിശോധനയിൽ പിടികൂടി കേസെടുക്കുകയും തുടർന്ന് സസ്പെൻഷനിലാവുകയും ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിച്ചതിനെ തുടർന്നു ചിതറ മാങ്കോട് വില്ലേജ് ഓഫിസറായി എത്തി. പിന്നീട് ചിതറ വില്ലേജ് ഓഫിസിലേക്ക് മാറുകയായിരുന്നു. മതിര ക്ഷേത്രത്തിന് സമീപത്താണ് ഹരിദേവിന്റെ വീട്. ചിതറയിൽ വില്ലേജ് ഓഫിസർ ആയി എത്തിയ ശേഷവും ഒട്ടേറെ പരാതികൾ ഹരിദേവിന് എതിരെ ഉണ്ടായിരുന്നു. ചക്കമലയിൽ കോഴി മാലിന്യ പ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും അഴിമതി ആരോപണം ഉയർന്നിരുന്നു.