പുനലൂർ-കന്യാകുമാരി പാസഞ്ചർ: ഒരു മാസമാകാറായിട്ടും പരവൂരിൽ സ്റ്റോപ്പില്ല
Mail This Article
പരവൂർ∙ സ്റ്റോപ് അനുവദിച്ചു ഒരു മാസമാകാറായിട്ടും പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയ്നിനു പരവൂരിൽ സ്റ്റോപ്പില്ല. ജനുവരി ആദ്യവാരമാണ് പുനലൂർ-കന്യാകുമാരി പാസഞ്ചറിനു സ്റ്റോപ് അനുവദിച്ചതായി ബിജെപി ജില്ലാ നേതൃത്വവും എംപിയുടെയും ഓഫിസും വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പരവൂരിലെ ട്രെയിൻ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പുനലൂർ-കന്യാകുമാരി പാസഞ്ചറിനു സ്റ്റോപ് അനുവദിക്കാൻ ഇടപെട്ട കേന്ദ്ര മന്ത്രി ജോർജ് കുര്യനു ബിജെപി ജില്ലാ നേതൃത്വം നന്ദിയും അറിയിച്ചു. പരവൂരിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ പാസഞ്ചർ ട്രെയിനിനു സ്റ്റോപ് അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം ഡിവിഷനിൽ ലഭ്യമായിട്ടില്ലെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.
പുനലൂർ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 8നും തിരുവനന്തപുരത്ത് നിന്ന് പുനലൂരിലേക്ക് വൈകിട്ട് 6.30നും ട്രെയിൻ പരവൂർ സ്റ്റേഷൻ കടന്നു പോകും. രാവിലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അടക്കമുള്ള ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്കും മെഡിക്കൽ കോളജിലേക്കു പോകുന്ന യാത്രക്കാർക്കും ഏറെ ഉപയോഗപ്രദമായ സമയ ക്രമീകരണമായിരുന്നു പുനലൂർ-കന്യാകുമാരി പാസഞ്ചറിന്റേത്. മലബാർ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിൽ വന്ന മാറ്റവും വൈകിയോടലും കാരണം 10നു മുൻപ് ജോലി സ്ഥലത്ത് എത്താൻ യാത്രക്കാർ ഒട്ടേറെ ബുദ്ധിമുട്ടുന്നുണ്ട്.
കൂടാതെ ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക റെയിൽവേ സ്റ്റേഷനായ പരവൂരിൽ ഇറങ്ങി വേണം രോഗികൾക്കും ചികിത്സയ്ക്കായി എത്തുന്നവർക്കും ജില്ലാ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന പാരിപ്പള്ളിയിലെത്താൻ. ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് മെഡിക്കൽ കോളജിലെത്താൻ പരവൂരിലെ സ്റ്റോപ് വളരെ ഉപയോഗപ്രദമാകും. രാവിലെ 6.30നു പുനലൂരിൽ നിന്നെടുക്കുന്ന പാസഞ്ചർ 8 മണിക്ക് പരവൂരിലെത്തും. ബസ് മാർഗം മെഡിക്കൽ കോളജിലേക്ക് എത്തണമെങ്കിൽ ഒന്നിലധികം ബസുകൾ കയറിയിറങ്ങി മണിക്കൂറുകൾ യാത്ര ചെയ്യേണ്ടി വരും. പുനലൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.50നു കൊല്ലം ജംക‍്ഷനിലും 8.40നു കഴക്കൂട്ടത്തും 9.20നു തിരുവനന്തപുരം സെൻട്രലിലും 12.15നു കന്യാകുമാരിയിലും ട്രെയിനെത്തും.
തിരികെ ഉച്ചയ്ക്ക് 3.10നു കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 5.30നു തിരുവനന്തപുരത്തും 6.40നു കൊല്ലം ജംക‍്ഷനിലും രാത്രി 8.15നു പുനലൂരിലും എത്തിച്ചേരുന്നു. തെക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിലെ സ്ഥലങ്ങളെ വർക്കല, കോവളം, കന്യാകുമാരിയടക്കമുള്ള തീരദേശ ടൂറിസം കേന്ദ്രങ്ങളുമായി വളരെ വേഗം ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനിനു പരവൂരിൽ സ്റ്റോപ് ലഭിച്ചാൽ മേഖലയുടെ ടൂറിസം വികസനത്തിനും കരുത്താകും.