ദേശീയപാത നിർമാണം: കുടിവെള്ള പൈപ്പുകൾ പൊട്ടുന്നു; വെള്ളമില്ലാതെ വലഞ്ഞ് ജനം
Mail This Article
കൊല്ലം ∙ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയായതോടെ പ്രാഥമിക ആവശ്യത്തിനായി പോലും വെള്ളം കിട്ടാതെ ജനം വലയുന്നു. ഇന്നലെ ശക്തികുളങ്ങരയിൽ 2 സ്ഥലത്താണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. എന്നാൽ അറ്റകുറ്റപ്പണി നടത്താനോ, ജലവിതരണം പുന:സ്ഥാപിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാന വാൽവ് അടച്ചാൽ ശക്തികുളങ്ങര, കാവനാട് ഡിവിഷനുകളിൽ വെള്ളം എത്തിച്ചേരാൻ ഒരാഴ്ച വേണ്ടി വരും.
പൈപ്പുകൾ പൊട്ടിയാൽ അവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ജല വിതരണം പുന:സ്ഥാപിക്കാൻ കരാറുകാർ തന്നെ മുൻകൈയെടുക്കണമെന്നാണു വ്യവസ്ഥ. എന്നാൽ കരാറുകാർ അതൊന്നും പാലിക്കാറില്ല. ആഴ്ചകളായി വെള്ളം കിട്ടുന്നില്ലെന്നു പരാതി നൽകിയാൽ ജല അതോറിറ്റിയും മുൻകൈ എടുക്കുന്നില്ലെന്ന ആക്ഷേപം ഉണ്ട്. വാട്ടർ അതോറിറ്റിയോടും കരാർ കമ്പനി അധികൃതരോടും പരാതി പറഞ്ഞു നാട്ടുകാരുടെ തൊണ്ടയിലെ വെള്ളം വറ്റി. വേനൽ കടുത്തതോടെ കിണറുകൾ പലതും വറ്റി വരണ്ടു. ഭൂരിഭാഗം വീട്ടുകാരും പൈപ്പ് വഴിയുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അതും കിട്ടാതെ വന്നതോടെ തുള്ളി വെള്ളത്തിനായി ജനം പരക്കം പായുകയാണ്.
ചില ദിവസങ്ങളിൽ ശാസ്താംകോട്ടയിൽ നിന്നും പമ്പിങ് നടക്കാത്തത് മൂലം അങ്ങനെയും ജലവിതരണത്തിന് തടസ്സം നേരിടാറുണ്ട്. മരുത്തടി, ശക്തികുളങ്ങര, മീനത്തുചേരി, കാവനാട്, ആലാട്ട്കാവ്, കന്നിമേൽ, വള്ളിക്കീഴ് ഡിവിഷനിലെ നിവാസികളാണ് ഇതിന്റെ ദുരിതം ഏറെയും അനുഭവിക്കേണ്ടി വരുന്നത്. കൃത്യമായി വെള്ളം ലഭിക്കാത്തതിനാൽ വീട്ടുകാരുടെ ദൈനംദിന കാര്യങ്ങളുടെ താളം തെറ്റി. ദേശീയ പാത നിർമാണം ആരംഭിച്ച നാൾ മുതൽ ശക്തികുളങ്ങര, കാവനാട് നിവാസികൾ ദുരിതം അനുഭവിക്കുകയാണ്. പ്രശ്നത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ശക്തികുളങ്ങര രണ്ടാം ഡിവിഷൻ കൗൺസിലർ പുഷ്പാംഗദൻ ആവശ്യപ്പെട്ടു.