ഡോ.വന്ദനയെ ആക്രമിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷി

Mail This Article
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ പ്രതി ജി. സന്ദീപ് ആക്രമിക്കുന്നതു കണ്ടുവെന്നു ദൃക്സാക്ഷിയുടെ മൊഴി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ കേസിലെ ഒന്നാം സാക്ഷി ഡോ. മുഹമ്മദ് ഷിബിൻ ആണു വിചാരണയുടെ ആദ്യദിനം മൊഴി നൽകിയത്. വന്ദനയോടൊപ്പം അത്യാഹിത വിഭാഗത്തിൽ ഡോ.ഷിബിൻ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു.
നിലവിളി കേട്ടു താൻ അത്യാഹിത വിഭാഗത്തിലെ ഒബ്സർവേഷൻ മുറിയിലേക്കു കയറിയപ്പോൾ ഡോ. വന്ദന ദാസിനെ ഇടതുകൈ കൊണ്ടു പിടിച്ചിരുത്തിയ ശേഷം ഒരടിയോളം നീളമുള്ള കത്രിക കൊണ്ടു പിന്നിൽ നിന്നു തലയിലും പുറത്തും ഒട്ടേറെത്തവണ കുത്തുന്നതു കണ്ടു. ‘നിന്നെ കൊല്ലുമെടീ’ എന്നു പറഞ്ഞ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കൊണ്ട് ആഞ്ഞു കുത്തുകയായിരുന്നു. അക്രമിയുടെ കയ്യിൽ നിന്നു വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഡോ. ഷിബിൻ മൊഴി നൽകി. സാക്ഷിക്കൂട്ടിൽ നിന്ന പ്രതിയെ ഡോ. ഷിബിൻ തിരിച്ചറിഞ്ഞു.
ആയുധം, പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഡോ.വന്ദനയുടെ സ്റ്റെതസ്കോപ് എന്നിവയും തിരിച്ചറിഞ്ഞു. ഡോ.വന്ദനയെ ആക്രമിക്കുന്നതിനു മുൻപ് അവിടെയുണ്ടായിരുന്ന പൊലീസിനെയും പ്രതി ആക്രമിച്ചു. പൊലീസുകാരനെ തള്ളി കസേരയിൽ ഇടുന്നതും തലയിൽ കുത്തുന്നതും കണ്ടുവെന്നും മൊഴി നൽകി. സംഭവ ദിവസം പുലർച്ചെ 5 മണിയോടെ പൂയപ്പള്ളി പൊലീസാണു പ്രതിയെ കൊട്ടാരക്കര ഗവ ആശുപത്രിയിൽ കൊണ്ടുവന്നത്.
ഒന്നു മുതൽ 12 വരെയുള്ള ദൃക്സാക്ഷികളുടെ ക്രോസ് വിസ്താരം പിന്നീട് നടത്തുന്നതിന് അനുമതി തേടി പ്രതിഭാഗം സമർപ്പിച്ച ഹർജി വിധി പറയുന്നതിനായി മാറ്റി. ഇന്ന് രണ്ടാം സാക്ഷിയായ പ്രതിയുടെ അയൽവാസി ബിനു, മൂന്നാം സാക്ഷി ഹോം ഗാർഡ് അലക്സ് കുട്ടി എന്നിവരെ വിസ്തരിക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും പ്രതിക്കുവേണ്ടി ബി.എ.ആളൂരും മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനുവും ഉൾപ്പെടെ 6 അംഗ അഭിഭാഷക സംഘവും ഹാജരായി.
കോടതി വരാന്തയിൽ രണ്ട് അമ്മമാർ
കൊല്ലം∙ വിങ്ങുന്ന മനസ്സുമായി രണ്ട് അമ്മമാർ കോടതി ഹാളിനു മുന്നിൽ. ഏക മകൾ നഷ്ടപ്പെട്ട വേദനയുമായി ഡോ. വന്ദനയുടെ അമ്മ വസന്തകുമാരിയും ബഹളങ്ങളിൽ നിന്ന് അകലം പാലിച്ച്, മകൻ വഴി തെറ്റിയതിന്റെ നൊമ്പരവുമായി പ്രതി സന്ദീപിന്റെ അമ്മ റിട്ട.അധ്യാപിക സരസമ്മയും. മോഹൻദാസ് – വസന്തകുമാരി ദമ്പതികളുടെ ഏക മകളായിരുന്നു ഡോ.വന്ദന. ആ മകൾ ഇല്ലാതായതിന്റെ വേദനയുമായാണു വസന്തകുമാരി കോടതിയിലെത്തിയത്. മോഹൻദാസും ഒപ്പമുണ്ടായിരുന്നു. കോടതി ഹാളിന്റെ പിന്നിൽ നിന്നു കൊണ്ടാണു സരസമ്മ സാക്ഷി മൊഴി കേട്ടത്.