പരാതി നൽകിയതിന് അച്ഛനെയും മകളെയും വെട്ടി പരുക്കേൽപിച്ചതായി പരാതി
Mail This Article
അഞ്ചൽ ∙ സ്ത്രീയെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകിയതിനു പിതാവിനെയും മകളെയും മുൻ കാപ്പ കേസ് പ്രതിയും സംഘവും വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചതായി പരാതി. കൈ,തല, മുതുക് എന്നിവിടങ്ങളിൽ വെട്ടേറ്റ പിതാവ് മണലിൽ ലക്ഷ്മി വിലാസത്തിൽ വേണുഗോപാലൻ നായർ (68), കൈക്കു പരുക്കേറ്റ മകൾ ആശ ( 42) എന്നിവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവവുമായി ബന്ധപ്പെട്ടു ഇവരുടെ അയൽവാസിയും നിരവധി കേസുകളിലെ പ്രതിയുമായ സുനിൽ ഭവനിൽ ചങ്ക് സുനിൽ എന്ന സുനിൽ (38), ഇയാളുടെ സുഹൃത്ത് അനീഷ് ഭവനിൽ അനീഷ് (39) എന്നിവരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാൾ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.15 നായിരുന്നു സംഭവം. കഴിഞ്ഞ 30നു ഉച്ചയോടെ റിമാൻഡിലായ സുനിൽ, വേണുഗോപാലൻ നായരുടെ വീടിനടുത്ത് എത്തി നഗ്നത പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തതായി കുടുംബം പറയുന്നു.
ഇതു സംബന്ധിച്ച പരാതി ഇവർ ഏരൂർ പൊലീസിൽ നൽകിയെങ്കിലും നടപടി എടുക്കാൻ പൊലീസ് തയാറായില്ലെന്നു ആരോപിക്കുന്നു. പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം തങ്ങൾക്കു നേരെ ആക്രമണം ഉണ്ടായതെന്നാണ് ഇവർ പറയുന്നത്. റിമാൻഡിലായ അനീഷ് 2020 ലെ കൊലക്കേസിൽ പ്രതിയായിരുന്നെന്നും പിന്നീട് ഇയാളെ മാപ്പുസാക്ഷിയാക്കിയതായും പൊലീസ് പറഞ്ഞു. സുനിൽ മുൻപു കഞ്ചാവ് കേസിലെ പ്രതിയായിട്ടുണ്ടെന്നും പറഞ്ഞു.