5.26 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Mail This Article
കരുനാഗപ്പള്ളി ∙ തൊടിയൂരിൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ മയക്കു മരുന്ന് വേട്ടയിൽ 5.26 ഗ്രാം എംഡിഎംഎയുമായി തൊടിയൂർ നോർത്ത് കാട്ടുമ്പുറത്ത് കിഴക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എം.നജീമിനെ (31) അറസ്റ്റ് ചെയ്തു. ഇയാളുടെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച നിലയിൽ 5.26 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
കരുനാഗപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപനയ്ക്കായി കരുതിയ ലഹരി മരുന്നാണു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ലഹരി വ്യാപാര സംഘങ്ങളുമായുള്ള പ്രതിയുടെ ബന്ധത്തിൽ സംശയം തോന്നി കഴിഞ്ഞ കുറച്ചു നാളുകളായി നടത്തി വന്ന നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. ഡാൻസാഫ് സംഘത്തോടൊപ്പം കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.