കെഎസ്ആർടിസിയോട് നാട്ടുകാർ: ‘ഒഴിവുകഴിവെങ്കിലും സ്ഥിരതയോടെ പറയൂ...’

Mail This Article
പത്തനാപുരം ∙ ആദ്യം പറഞ്ഞു റോഡ് മോശം ആണ്, ബസ് വിടാനാകില്ലെന്ന്. പ്രതിഷേധത്തിനൊടുവിൽ റോഡ് ടാർ ചെയ്തപ്പോൾ പറയുന്നു, ഓടിക്കാൻ ബസ് ഇല്ലെന്ന്. പത്തനാപുരം – പുന്നല – കറവൂർ പാതയെ ആശ്രയിക്കുന്നവർ ചോദിക്കുന്നു, ‘എങ്കിൽ ഇനി ഞങ്ങളെന്തു ചെയ്യണം?’. തോട്ടം തൊഴിലാളികളും ദിവസവേതനക്കാരും ഉൾപ്പെടെ തിങ്ങി താമസിക്കുന്ന മേഖലയിൽ കെഎസ്ആർടിസിയുടെ ചെയിൻ സർവീസായിരുന്നു ഇവരുടെ പ്രധാന ആശ്രയം.
സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്നെങ്കിലും 20 മിനിറ്റ് ഇടവിട്ട് കെഎസ്ആർടിസി സർവീസ് നടത്തിയതോടെയാണ് സ്വകാര്യ ബസുകൾ പിൻവലിഞ്ഞത്. ഇപ്പോൾ ഇരട്ടിയിലധികം ചാർജ് നൽകി സമാന്തര വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണു നാട്ടുകാർ. പത്തനാപുരം ഡിപ്പോയിൽ നിന്നു കുറഞ്ഞ ദൂരം ഓടി കൂടുതൽ വരുമാനം നേടിയിരുന്ന ചെയിൻ സർവീസായിരുന്നു പത്തനാപുരം – പുന്നല.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി നിശ്ചിത സമയങ്ങളിൽ മാത്രമാണ് ഇപ്പോൾ ബസ് സർവീസ് നടത്തുന്നത്. സമയത്തു ബസില്ലാത്തപ്പോൾ ഓട്ടോറിക്ഷാ, ജീപ്പ് ഉൾപ്പെടെയുള്ള സമാന്തര വാഹനങ്ങളെയാണു നാട്ടുകാർ ആശ്രയിക്കുന്നത്. കുട്ടികളിൽ നിന്നു പോലും കുറഞ്ഞത് 30 രൂപ നിരക്കിലാണ് സമാന്തര വാഹനങ്ങൾ ചാർജ് ഈടാക്കുന്നതെന്നാണു വിവരം. അധികൃതരോടു പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു.
വകുപ്പു മന്ത്രിയുടെ സ്വന്തം മണ്ഡലമായിട്ടും ബസ് ഇല്ലെന്നു പറഞ്ഞ് ചെയിൻ സർവീസ് നിർത്തലാക്കിയതിൽ പ്രതിഷേധം ശക്തമാണ്. കരിമ്പാലൂർ, കടശേരി, പുന്നല, ചാച്ചിപ്പുന്ന, വഴങ്ങോട്, പടയണിപ്പാറ, കറവൂർ, തച്ചക്കോട് മേഖലകളിലുള്ളവർക്ക് പത്തനാപുരവുമായി ബന്ധപ്പെടുന്നതിനുള്ള എളുപ്പമാർഗമാണ് ഈ പാത. നടപടി ഉണ്ടായില്ലെങ്കിൽ ചെയിൻ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡിപ്പോയിലേക്കു ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുനൈസ് പി.എം.ബി.സാഹിബ് പറഞ്ഞു.