രോഗിയുടെ മരണം ഇഎസ്ഐ ആശുപത്രിയിലെ അനാസ്ഥ മൂലമെന്ന് പരാതി

Mail This Article
കൊല്ലം ∙ ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെ അനാസ്ഥ മൂലം രോഗിയുടെ ജീവൻ നഷ്ടമായെന്ന പരാതിയുമായി കുടുംബം. തങ്കശ്ശേരി, കാവൽ, ജഗദീശ്വരൻ മഠത്തിൽ അനിൽകുമാർ (55) ആണ് കഴിഞ്ഞ ഒന്നിന് ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ മരിച്ചത്. ശരീര വേദനയുമായി ആശുപത്രിയിലെത്തിയ മിൽമ ജീവനക്കാരനായ രോഗിയെ കൃത്യമായി പരിശോധിക്കുകയോ ടെസ്റ്റുകൾ നടത്തുകയോ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയോ ചെയ്തില്ലെന്നും അടിയന്തര സാഹചര്യം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയത്. വിഷയത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ ജനുവരി 28ന് ആണ് അനിൽകുമാർ ഇഎസ്ഐ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനകൾ നടത്തിയപ്പോൾ ഇസിജിയിൽ വ്യത്യാസങ്ങളുണ്ടെന്നു കാണിച്ചു അനിൽകുമാറിനെ 3 ദിവസത്തേക്ക് അഡ്മിറ്റ് ചെയ്തു. തുടർന്ന് 30ന് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് വിട്ടു. എങ്കിലും മുതുകിലെ വേദന മാറാത്തതിനെ തുടർന്ന് ഫെബ്രുവരി ഒന്നിന് അതിരാവിലെ വീണ്ടും ഇഎസ്ഐ ആശുപത്രിയിലെത്തി. പക്ഷേ പരിശോധനയ്ക്കു ശേഷം മരുന്നും ഓയിന്റ്മെന്റും മാത്രം നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു.
എന്നാൽ വീട്ടിലെത്തിയിട്ടും വേദന മാറാത്തതിനെ തുടർന്നു അന്നു രാവിലെ 9.30ന് വീണ്ടും ആശുപത്രിയിലെത്തി. പരിശോധിക്കാനായി കാത്തിരിക്കാൻ ആവശ്യപ്പെടുകയല്ലാതെ ഇസിജി അടയ്ക്കമുള്ളവ പരിശോധിക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ അധികൃതർ തയാറായില്ല. ഇതിനിടയിൽ അനിൽകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ മരിച്ചു.
ആവശ്യമായ പരിശോധനകൾ നടത്തുകയോ ഉടൻ മറ്റെവിടെയെങ്കിലും കാണിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഈ സാഹചര്യം ഉണ്ടാവില്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഇനി ഒരാൾക്കും ഈ സാഹചര്യം വരാതിരിക്കാനും വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും േവണ്ടിയാണ് കുടുംബം പരാതി നൽകാൻ ഒരുങ്ങുന്നത്.