ഫ്രീസർ തകരാറിനെത്തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറി പൂട്ടി

Mail This Article
കൊട്ടാരക്കര ∙ താലൂക്ക് ആശുപത്രിയിലെ മോർച്ചറി ഫ്രീസർ തകരാറിനെത്തുടർന്ന് താൽക്കാലികമായി പൂട്ടി. മോർച്ചറിയിൽ ഉണ്ടായിരുന്ന 3 മൃതദേഹങ്ങൾ ഇന്നലെ ഉച്ചയ്ക്കു ശേഷം മറ്റു മോർച്ചറികളിലേക്ക് മാറ്റി. കാലപ്പഴക്കം വന്ന ഫ്രീസറിന് അറ്റകുറ്റപണി സാധ്യമല്ലെന്നാണു സാങ്കേതിക വിദഗ്ധരുടെ റിപ്പോർട്ട്. പുതിയ ഫ്രീസറിനു ഫണ്ട് ലഭ്യമാക്കാൻ സർക്കാർ വകുപ്പുകൾ കനിയണം.
ഇതിനു മാസങ്ങളോളം വേണ്ടി വരുമെന്നാണു കരുതുന്നത്. അതുവരെ മോർച്ചറി അടച്ചിടേണ്ടി വരും. ഒരേസമയം 8 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു ഇവിടെ. 12 വർഷത്തിലേറെയായി പഴക്കം. പുതിയ ഫ്രീസറിന് 12 ലക്ഷത്തോളം രൂപ വരുമെന്നാണു കണക്ക്. അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഡിപിസി അംഗീകാരത്തോടെ ഫ്രീസർ വാങ്ങാൻ തീരുമാനമെടുക്കും എന്നും മറ്റ് സാധ്യതകളില്ലെന്നും കൊട്ടാരക്കര നഗരസഭാ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ പറയുന്നു. ഉടൻ ഫ്രീസർ വേണമെങ്കിൽ ഫണ്ട് നൽകാൻ ആരോഗ്യ വകുപ്പോ സന്നദ്ധ സംഘടനകളോ തയാറാകണം.
സമീപത്തെ സർക്കാർ ആശുപത്രികളിൽ മോർച്ചറി ഇല്ല. കൊല്ലം, പുനലൂർ സർക്കാർ ആശുപത്രികളാണു പരിസരത്തുള്ളത്. ചില സ്വകാര്യ ആശുപത്രികളിൽ നാമമാത്രമായ സൗകര്യം ഉണ്ട്. ഈ സാഹചര്യത്തിൽ ഫ്രീസർ ഉടൻ വാങ്ങാൻ നടപടി വേണമെന്നാണു പൊതുപ്രവർത്തകരും മറ്റും ആവശ്യപ്പെടുന്നത്.