കൊല്ലം– തേനി ദേശീയപാത 4 വരിയായി വികസിപ്പിക്കും; സർവീസ് റോഡില്ല, 1000 കോടി രൂപ ചെലവ്

Mail This Article
കൊല്ലം ∙ കൊല്ലം– തേനി ദേശീയപാത 4 വരിയായി വികസിപ്പിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (മോർത്ത്) ഭൂമി രാശി പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പോർട്ടലിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള 3എ വിജ്ഞാപനവും പുറപ്പെടുവിക്കും. അഞ്ചാലുംമൂട്ടിൽ നിന്നു ബൈപാസ് നിർമിക്കുന്നതു പരിഗണിച്ചിരുന്നെങ്കിലും നിലവിൽ ബസ് സർവീസ് നടത്തുന്ന അഞ്ചാലുംമൂട്- ഇളമ്പള്ളൂർ- ചിറ്റുമല വഴിയുള്ള പാത വികസിപ്പിക്കാനാണു തീരുമാനം.
ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ടു വിവിധ മേഖലയിൽ ഉള്ളവർ തർക്കവും അവകാശവാദവും ഉന്നയിച്ചിരുന്നു. ഇതാകാം ബൈപാസ് ഒഴിവാക്കാൻ കാരണമെന്നു കരുതുന്നു. നിലവിലുള്ള വലിയ വളവുകൾ ഒഴിവാക്കി നാലു വരി പാതയാണ് നിർമിക്കുന്നത്. 24 മീറ്റർ വീതിയുണ്ടാകും. സർവീസ് റോഡ് ഉണ്ടാകില്ല. സർവീസ് റോഡ് കൂടി ഉൾപ്പെടുത്തണമെങ്കിൽ 45 മീറ്റർ വീതിയിൽ പാത നിർമിക്കേണ്ടി വരും. ഇപ്പോൾ ചില സ്ഥലങ്ങളിൽ പാതയ്ക്ക് 10 മീറ്റർ മാത്രമാണു വീതിയുള്ളത്. മിക്ക സ്ഥലത്തും 12–14 മീറ്റർ വീതിയേയുള്ളു.
കടവൂർ– ചെങ്ങന്നൂർ
ദേശീയപാത–66 കടന്നു പോകുന്ന കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയാണ് കൊല്ലം – തേനി ദേശീയപാത വികസിപ്പിക്കുന്നത്. രണ്ടു മേഖലകളായി തിരിച്ചാണ് നിർമാണം. കടവൂർ മുതൽ ചക്കുവള്ളി വരെ 25.3 കിലോമീറ്റർ ആണ് ആദ്യ മേഖല. ചക്കുവള്ളി മുതൽ ആഞ്ഞിലിമൂട് വരെ 29 കിലോമീറ്റർ ദൂരം രണ്ടാം മേഖല. രണ്ടു മേഖലയിലും ഒരുമിച്ചു നിർമാണം നടത്തും.
1000 കോടി രൂപ
ഭൂമി ഏറ്റെടുക്കുന്നതിന് റോഡ് നിർമാണത്തിനും 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. തുക അനുവദിച്ചിട്ടില്ല. കൊല്ലം – ചക്കുവള്ളി മേഖലയിൽ 50 ഹെക്ടറും ചക്കുവള്ളി – ചെങ്ങന്നൂർ മേഖലയിൽ 25 ഹെക്ടറും സ്ഥലം ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കുന്നതിനായി കൊല്ലം സ്പെഷൽ തഹസിൽദാർ, ഹരിപ്പാട് സ്പെഷൽ തഹസിൽദാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.