യാത്രാദുരിതം; മീറ്റർ ഗേജ് കാലത്ത് ഉണ്ടായിരുന്ന ജനോപകാരപ്രദമായ സർവീസുകൾ പുനഃസ്ഥാപിച്ചില്ലെന്ന് ആക്ഷേപം

Mail This Article
പുനലൂർ∙ കൊല്ലം–ചെന്നൈ പാതയിലെ ചെങ്കോട്ട– കൊല്ലം റൂട്ടിൽ മീറ്റർ ഗേജ് കാലത്ത് ഉണ്ടായിരുന്ന ജനോപകാരപ്രദമായ സർവീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ആക്ഷേപം. 2018 മാർച്ചിലാണ് ചെങ്കോട്ട - പുനലൂർ ഗേജ് മാറ്റം പൂർത്തീകരിച്ചു കൊണ്ട് കൊല്ലം മുതൽ ചെന്നൈ വരെയുള്ള റെയിൽവേ പാത നാടിന് സമർപ്പിച്ചത്. ബ്രോഡ്ഗേജ് ആക്കി മാറ്റി 8 വർഷം ആകുമ്പോഴും മീറ്റർ ഗേജ് കാലത്തുണ്ടായിരുന്ന സർവീസുകൾ പോലും തിരികെ ലഭിച്ചിട്ടില്ല.
ചെന്നൈയിലേക്ക് രണ്ട് സർവീസുകൾ, നാഗൂരിലേക്ക് ഒരു സർവീസ്, കോയമ്പത്തൂരിലേക്ക് പഴനി വഴിയുള്ള സർവീസ്, കൊല്ലം - തിരുനെൽവേലി മൂന്നു സർവീസുകൾ, കൊല്ലം - മധുര ഒരു സർവീസ്, കൊല്ലം - ചെങ്കോട്ട രണ്ട് സർവീസുകൾ എന്നിങ്ങനെ ധാരാളം ജനോപകാരപ്രദമായ ട്രെയിൻ സർവീസുകൾ ഈ പാതവഴി ഉണ്ടായിരുന്നതാണ്. എന്നാൽ ബ്രോഡ്ഗേജ് ആയി മാറിയതിനു ശേഷം ഈ സർവീസുകളിൽ വളരെ കുറച്ച് സർവീസുകൾ മാത്രമാണ് തിരികെ ലഭിച്ചത്. ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് പാസഞ്ചർ ട്രെയിനുകൾ ഒന്നും തന്നെ നിലവിൽ ഓടുന്നില്ല.
പാലരുവി എക്സ്പ്രസ്, ഗുരുവായൂർ - മധുര എക്സ്പ്രസ്, ചെന്നൈ–എഗ്മൂർ– കൊല്ലം മെയിൽ എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ്, താംബരം - തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് എന്നിവയാണ് ഇപ്പോൾ സർവീസ് നടത്തുന്ന ട്രെയിനുകൾ. ദിവസേന കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യേണ്ടിവരുന്ന ചെങ്കോട്ട മുതൽ പുനലൂർ വരെ ഉള്ള ഭാഗത്തുള്ള യാത്രക്കാരെ സംബന്ധിച്ചിടത്തോളം പാസഞ്ചർ സർവീസുകൾ ഇല്ലാത്തത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് ഇക്കഴിഞ്ഞ ദീപാവലി സമയത്ത് ഹൂബ്ലിയിൽ നിന്നു ബെംഗളൂരു വഴി കൊല്ലത്തേക്ക് ഒരു സർവീസ് റെയിൽവേ ഓപ്പറേറ്റ് ചെയ്തിരുന്നു. വളരെ വിജയകരമായ ആ സർവീസ് പക്ഷേ ഒരു സർവീസ് കൊണ്ട് അവസാനിച്ചു. അതിനുശേഷം ആ സർവീസ് നീട്ടാനോ, സ്ഥിരപ്പെടുത്താനോ നടപടി ഉണ്ടായില്ല
വേണ്ട ട്രെയിൻ സർവീസുകൾ
കൊല്ലത്തു നിന്നു പുനലൂർ, ചെങ്കോട്ട, തെങ്കാശി, രാജപാളയം, വിരുദ്നഗർ, മധുര, ഡിണ്ടുക്കൽ, പഴനി, പൊള്ളാച്ചി, പഴനി വഴി കോയമ്പത്തൂരിലേക്ക് ഉണ്ടായിരുന്ന സർവീസിന് പകരമായി കൊല്ലം - ഈറോഡ് സർവീസ് ആരംഭിക്കണം. ഇപ്പോൾ വിജയകരമായി സർവീസ് നടത്തുന്ന താംബരം - തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് സ്പെഷൽ സ്ഥിരം സർവീസ് ആക്കി മാറ്റണം. കഴിഞ്ഞ ദീപാവലിക്ക് ഹൂബ്ലിയിൽ നിന്നും ബെംഗളൂരു വഴി കൊല്ലത്തേക്ക് സർവീസ് നടത്തിയ ട്രെയിൻ, ആഴ്ചയിൽ ഒരു ദിവസം സ്ഥിരം സർവീസ് ആയി ഓടിക്കാൻ നടപടി സ്വീകരിക്കണം.
മീറ്റർ ഗേജ് കാലത്ത് നിലവിലുണ്ടായിരുന്ന കൊല്ലം - തിരുനെൽവേലി പാസഞ്ചർ സർവീസുകൾ തിരികെ കൊണ്ടുവരണം. ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന മയിലാടുതുറൈ - ചെങ്കോട്ട എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടണം. രാവിലെ 08.10 ന് പുനലൂരിൽ നിന്നും കൊല്ലത്തേക്കുള്ള ട്രെയിൻ സർവീസ് കഴിഞ്ഞാൽ പിന്നെ വൈകിട്ട് 05.15 മാത്രമേ അടുത്ത കൊല്ലത്തേക്കുള്ള ട്രെയിൻ സർവീസ് ഉള്ളൂ. ഈ പ്രശ്നം പരിഹരിക്കുന്നതിനായി മധുര - പുനലൂർ എക്സ്പ്രസിന്റെ റേക്ക് ഉപയോഗിച്ച് ഉച്ച സമയത്ത് പുനലൂരിൽ നിന്ന് കൊല്ലത്തേക്കും, തിരികേയും ഒരു സർവീസ് ആരംഭിക്കണം. ഈ സർവീസുകൾ ആരംഭിച്ചാൽ യാത്രക്കാരുടെ ദുരിതം ഒരു പരിധിവരെ കുറയ്ക്കുവാൻ സാധിക്കും
പ്ലാറ്റ്ഫോം നീളം കൂട്ടണം
അടിസ്ഥാന സൗകര്യ വികസനവും ഈ പാതയിൽ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് ഈ പാതയിൽ 22 എൽഎച്ച്ബി അല്ലെങ്കിൽ 24 ഐസിഎഫ് കോച്ചുകൾ നിർത്തുവാൻ സാധിക്കുന്ന നീളത്തിലുള്ള പ്ലാറ്റ്ഫോമുകൾ ലഭ്യമായിട്ടുള്ളത്. ഈ പാതയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകൾ 22 എൽഎച്ച്ബി അല്ലെങ്കിൽ 24 ഐസിഎഫ് കോച്ചുകൾ സ്വീകരിക്കാൻ പറ്റുന്ന രീതിയിൽ നീളം വർധിപ്പിക്കണം. എറണാകുളം ഭാഗത്ത് നിന്നും ചെങ്കോട്ട ഭാഗത്തേക്കുള്ള ട്രെയിനുകൾ കൊല്ലത്ത് വന്ന് ലോക്കോ റിവേഴ്സൽ നടത്തിയതിനു ശേഷമാണ് പുറപ്പെടുന്നത്. ഇത് വലിയ രീതിയിലുള്ള സമയം നഷ്ടത്തിന് കാരണമാകുന്നുണ്ട്.
ഇത് ഒഴിവാക്കുന്നതിനായി കല്ലുംതാഴം ഭാഗത്ത് കൊല്ലം - എറണാകുളം പാതയിൽ നിന്ന് കൊല്ലം - ചെങ്കോട്ട പാതയിലേക്ക് ഒരു ബൈപാസ് ലൈൻ നിർമിക്കാമെന്നും. കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനെ.കൊല്ലം ടൗൺ റെയിൽവേ സ്റ്റേഷൻ ആയി വികസിപ്പിക്കുകയും വേണമെന്നും യാത്രക്കാരുടെ ഭാഗത്തുനിന്നും നിർദേശമുണ്ട്. പുത്തൻ പദ്ധതികളും പുതിയ ട്രെയിനുകളും ഉണ്ടെങ്കിൽ മാത്രമേ കോടികൾ മുടക്കി ഗേജ് മാറ്റവും, വൈദ്യുതീകരണവും പൂർത്തിയാക്കിയതിന്റെ നേട്ടം പൊതുജനങ്ങൾക്ക് ലഭ്യമാവുകയുള്ളുവെന്നാണ് വിലയിരുത്തൽ.