പോക്സോ കേസിൽ ദമ്പതികൾക്ക് 30 വർഷം കഠിനതടവ്

Mail This Article
കൊല്ലം ∙ പോക്സോ കേസിൽ പ്രതികളായ ദമ്പതികൾക്ക് 30 വർഷം കഠിനതടവും 2.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം കുറുമ്പലങ്ങോട് തെങ്ങുംവിളയിൽ വിനീത് (36), ഇയാളുടെ രണ്ടാം ഭാര്യ ആയിരുന്ന കൊല്ലം ശക്തികുളങ്ങര തറമേൽ വടക്കതിൽ വീട്ടിൽ വിജി (43) എന്നിവരെയാണു കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എഫ്.മിനിമോൾ ശിക്ഷിച്ചത്. വിനീതിനു 33 വർഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും വിജിക്ക് 31 വർഷം കഠിനതടവും 1.1 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കിൽ വിനീത് 1 വർഷവും വിജി 11 മാസവും അധികം തടവ് അനുഭവിക്കണം.വിജി പീഡനത്തിന് ഒത്താശ ചെയ്യുകയും അതിജീവിതയെ അശ്ലീല വിഡിയോകൾ കാണിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാം പ്രതി വിനീത് അറസ്റ്റിലായ വിവരം അറിഞ്ഞ് ഒളിവിൽ പോയ വിജിയെ 5 മാസത്തിനു ശേഷം എറണാകുളത്തെ ഒരു ലോഡ്ജിൽ നിന്നാണു പിടികൂടിയത്. പ്രതികൾ ഇരുവരും ചേർന്നു മദ്യം നൽകിയിരുന്നതായും അതിജീവിത കോടതിയിൽ മൊഴി നൽകി.
ശൂരനാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന എ.അനൂപ് ആണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ശാസ്താംകോട്ട ഡിവൈഎസ്പി ആയിരുന്ന എസ്.ഷെരീഫ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി.പ്രേമചന്ദ്രൻ ഹാജരായി. ഗ്രേഡ് എഎസ്ഐ ഹെലൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.