പള്ളിവളപ്പിൽ സ്യൂട്ട്കെയ്സിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി; പഠനാവശ്യത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക നിഗമനം

Mail This Article
കൊല്ലം ∙ നഗരമധ്യത്തിലെ പള്ളിവളപ്പിൽ സ്യൂട്ട്കെയ്സിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. കപ്പലണ്ടിമുക്ക് ശാരദാമഠം സെന്റ് തോമസ് സിഎസ്ഐ ചർച്ചിന്റെ സെമിത്തേരിക്ക് സമീപത്തെ പള്ളിവളപ്പിലാണ് ഇന്നലെ രാവിലെ തലയോട്ടി അടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. റോഡിനോട് ചേർന്ന്, മതിലിന് അടുത്തായാണ് ചപ്പുചവറുകൾക്കും മാലിന്യങ്ങൾക്കും ഇടയിൽ നിന്ന് സ്യൂട്ട്കെയ്സ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനയച്ചു.
മെഡിക്കൽ പഠനാവശ്യത്തിന് ശേഷം ഉപേക്ഷിച്ച അസ്ഥികൂടമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 7 മണിയോടെ പള്ളിയിലെ കപ്യാരായ ടി.പി.ബാബു വെള്ളത്തിന്റെ പൈപ്പ് ശരിയാക്കുന്നതിനായി എത്തിയപ്പോഴാണ് സ്യൂട്ട്കെയ്സ് കാണുന്നത്. പൂർണമായി അടയാതിരുന്നതിനാൽ ചെറിയ രീതിയിൽ അസ്ഥികൾ പുറത്തു കാണുന്ന നിലയിലായിരുന്നു. തുടർന്ന് ടി.പി.ബാബുവും ഒപ്പമുണ്ടായിരുന്ന അനിൽ മാത്യുവും ചേർന്നു ഫാ. എം.ഡി.കോശിയെയും മറ്റു കമ്മിറ്റിയംഗങ്ങളെയും വിവരമറിയിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണിന്റെ നേതൃത്വത്തിൽ പൊലീസെത്തി പെട്ടി തുറക്കുകയും അസ്ഥികൂടമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അസ്ഥികൂടം കണ്ടെത്തിയതിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി ഭാരവാഹികൾ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ഫൊറൻസിക് സംഘമെത്തി പൂർണമായ പരിശോധന നടത്തി.
അസ്ഥികൂടത്തിന് വർഷങ്ങളുടെ പഴക്കം
സ്യൂട്ട്കെയ്സിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 45x35 വലുപ്പത്തിലുള്ള മങ്ങിയ ചാര നിറത്തിലുള്ള സ്യൂട്ട്കെയ്സിൽ പ്ലാസ്റ്റിക് കവറിലായിരുന്നു അസ്ഥികൂടമുണ്ടായിരുന്നത്. വർക്കലയിലും പോളയത്തോടും പ്രവർത്തിക്കുന്ന ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിന്റെ വർക്കലയിൽ നിന്നു വാങ്ങിയ പഴക്കമുള്ള കവറിലായിരുന്നു അസ്ഥികൂടം. ഒരു മനുഷ്യന്റെ ഏകദേശം പൂർണമായ അസ്ഥികൂടമാണ് കണ്ടെടുത്തത്.
18 വാരിയെല്ല് അസ്ഥികൾ, 16 നട്ടെല്ല് അസ്ഥികൾ, 19 ചെറിയ അസ്ഥികൾ, ഇരു കൈകളുടേതുമായി 7 അസ്ഥികൾ, തുടയെല്ലിലെ 2 അസ്ഥികൾ തുടങ്ങിയ പഴകി ദ്രവിച്ചു തുടങ്ങിയ വിവിധ അസ്ഥികളാണ് കണ്ടെത്തിയത്. ഇടുപ്പെല്ലിന്റെ അസ്ഥിയിൽ വെള്ള നിറത്തിൽ ഇംഗ്ലിഷിൽ എച്ച് എന്നും കണങ്കാലിൽ ഒ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പല അസ്ഥികളിലും ചുവപ്പും നീലയും നിറമുള്ള വരകളും അവ്യക്തമായ അടയാളങ്ങളും ഇട്ടിട്ടുണ്ട്. ഇവയ്ക്കൊപ്പം ഒരു കത്രികയും പ്ലാസ്റ്റിക് കുപ്പിയുടെ മൂടിയും മഞ്ഞ ചോക്കിന്റെ ചെറിയ കഷണവും കവറിലുണ്ടായിരുന്നു.
പഠനാവശ്യത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക നിഗമനം
പള്ളി വളപ്പിൽ നിന്നു കണ്ടെടുത്ത അസ്ഥികൂടം പഠനാവശ്യത്തിനോ സമാനമായ ആവശ്യങ്ങൾക്കോ ഉപയോഗിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പഠനാവശ്യത്തിന് ഉപയോഗിക്കുന്നതിന് സമാനമായ അടയാളങ്ങളും മാർക്കുകളുമാണ് അസ്ഥികളിലുള്ളത്. അസ്ഥികൾ ഒരു വ്യക്തിയുടേതാണോ അതോ പലരുടേതാണോ എന്നതും അസ്ഥികൂടത്തിന്റെ കാലപ്പഴക്കവുമാണ് ആദ്യം പരിശോധിക്കുക. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം അസ്ഥികൂടം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
സ്ഥിരമായി മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലം
ഏറെ തിരക്കുള്ള പ്രദേശമാണെങ്കിലും കപ്പലണ്ടിമുക്ക്–കടപ്പാക്കട റോഡിൽ നിന്ന് ശാരദമഠത്തിലേക്കുള്ള ചെറിയ ദൂരമുള്ള റോഡ് സാമൂഹിക വിരുദ്ധരുടെ മാലിന്യം ഉപേക്ഷിക്കുന്ന സ്ഥിരം കേന്ദ്രമാണ്. റോഡരികിലും റോഡിൽ നിന്ന് ചെറിയ മതിലിന് അപ്പുറമുള്ള പള്ളി വളപ്പിലേക്കും മാലിന്യം വലിച്ചെറിയുകയാണ് പതിവ്. അസ്ഥികൂടം കണ്ടെത്തിയ ഭാഗത്തു ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ മാലിന്യങ്ങളുണ്ട്.
അതിനാൽ തന്നെ പള്ളി ഭാരവാഹികളും ഈ ഭാഗത്തേക്ക് ശ്രദ്ധിക്കാറില്ല. മാലിന്യം തള്ളുന്നത് ഒഴിവാക്കാനായി മതിലിന് മുകളിലൂടെ വല കെട്ടാനുള്ള തയാറെടുപ്പിലാണ് പള്ളി ഭാരവാഹികൾ. 4 ഏക്കറോളം വിസ്തീർണമുള്ളതാണ് അസ്ഥികൂടം കണ്ടെത്തിയ സിഎസ്ഐ പള്ളിയെന്നതിനാൽ ഇത്തരത്തിൽ ആരെങ്കിലും ഉപേക്ഷിച്ചാലും പെട്ടെന്നു കണ്ടെത്താനുള്ള സാധ്യതയും കുറവാണ്.