തീരദേശ പാത റീച്ച് 2 വികസനം: ഏറ്റെടുക്കുന്നത് 10 ഹെക്ടർ; 338 പേരെ നേരിട്ടു ബാധിക്കുമെന്ന് പഠനം
Mail This Article
കൊല്ലം∙ തീരദേശ പാത റീച്ച് 2 വികസനത്തിന്റെ ഭാഗമായി തങ്കശ്ശേരി മുതൽ നീണ്ടകര വരെ ഏറ്റെടുക്കുന്നത് ഏകദേശം 10 ഹെക്ടർ സ്ഥലം. ഈ സ്ഥലമേറ്റെടുപ്പ് 338 പേരെ നേരിട്ടു ബാധിക്കുമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ടിന്റെ കരട് വ്യക്തമാക്കുന്നു. 65 വീടുകളെ ഭാഗികമായും ഏഴു വീടുകളെ പൂർണമായും ബാധിക്കും. കൂടാതെ, 9 തൊഴിൽ കേന്ദ്രങ്ങളെ പൂർണമായും 34 എണ്ണത്തെ ഭാഗികമായും ബാധിക്കും. ഭാഗികമായി ഇടിക്കേണ്ടവയിൽ 8 വീടുകൾ വാസയോഗ്യമല്ലാതായി തീരും.
2 കച്ചവട കേന്ദ്രങ്ങൾക്കും സമാന സ്ഥിതിയുണ്ടാകും. 15 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും തിരുവനന്തപുരം സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് തയാറാക്കിയ കരടിൽ പറയുന്നു.ഭാഗികമായി ഇടിക്കുന്ന 32 കച്ചവട കേന്ദ്രങ്ങളിൽ പരിമിതമായ സൗകര്യത്തോടെ തുടർന്നു പ്രവർത്തിക്കാനാകും.57 വീടുകളും പരിമിത സൗകര്യങ്ങളിൽ തുടർന്ന് ഉപയോഗിക്കാം. 15 വീടുകൾക്കും 11 കച്ചവട കേന്ദ്രങ്ങൾക്കും സ്ഥാനഭ്രംശം സംഭവിക്കും. ഉടമകളുടെ കൂടി അഭിപ്രായം പരിഗണിച്ചു മാത്രമേ തുടർ നടപടി സ്വീകരിക്കാവൂയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റെടുക്കുന്ന സ്ഥലത്ത് ആരാധനാലയങ്ങൾ, ശ്മശാനം, മത്സ്യഫെഡ് ഓഫിസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുണ്ട്.മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഭൂമി ഏറ്റെടുക്കൽ ദോഷമായി ബാധിക്കും. നിലവിലെ റോഡിന്റെ വികസനത്തിനു പുറമേ, ഏകദേശം 2.5 കിലോമീറ്റർ റോഡ് പുതിയതായി നിർമിക്കാനാണ് പദ്ധതി.ഈ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ എത്രകണ്ട് ദോഷമായി ബാധിക്കുമെന്നു അറിയാൻ കഴിഞ്ഞിട്ടില്ല. പുതിയ റോഡുമായി ബന്ധപ്പെട്ട് അലൈൻമെന്റ് സൂചിപ്പിക്കുന്ന കല്ലുകളോ, മറ്റു മാർക്കുകളോ ഇനിയും സ്ഥാപിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ശ്മശാനം ഭാഗികമായി എടുക്കേണ്ടി വരും.
തിരുമുല്ലവാരം സെന്റ് ആന്റണീസ് എൽപി സ്കൂളിന്റെ കെട്ടിടവും ചുറ്റുമതിലും ഭാഗികമായി പൊളിച്ചുമാറ്റേണ്ടി വരും. ഭാഗികമായി പൊളിക്കേണ്ട മറ്റു പൊതുയിടങ്ങൾ: മരുത്തടി വിവേകാനന്ദ സ്മാരക എൽപി സ്കൂൾ കെട്ടിടം, ശക്തികുളങ്ങര സെന്റ് ജോസഫ് സ്കൂൾ കെട്ടിടം,മരുത്തടി ഒഴുക്കുതോട് മത്സ്യ ഫെഡ് ഓഫിസ് ചുറ്റുമതിൽ, ഒഴുക്കുതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ചുറ്റുമതിലും ഷീറ്റ് ഇട്ട ഭാഗവും, മരുത്തടി സെന്റ് ജോസഫ് ചാപ്പൽ,
ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ പള്ളിയുടെ ആർച്ച്, മരുത്തടി ലോട്ടസ് ക്ലബ് കെട്ടിടം, കന്നിമേൽചേരി എസ്എൻഡിപി യോഗം കെട്ടിടം, കന്നിമേൽചേരി ഭാരതമഠം റിസോർട്ട് ചുറ്റുമതിലും കെട്ടിടവും, കന്നിമേൽച്ചേരി കോമണ്ടഴികം ദേവിക്ഷേത്രം ആർച്ചും ചുറ്റുമതിലും ഓഫിസ് മുറിയും, കന്നിമേൽചേരി ഭദ്രാദേവി ക്ഷേത്രം ഓഫിസ് മുറിയും ചുറ്റുമതിലും.
സ്ഥലം ഏറ്റെടുക്കൽ:യോഗങ്ങൾ നടത്തും
∙ തങ്കശ്ശേരി മുതൽ നീണ്ടകര വരെയുള്ള തീരദേശ റോഡ് വികസനത്തിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുമായി ബന്ധമുള്ള ഉടമകളെയും കച്ചവടക്കാരെയും ഉൾപ്പെടുത്തിയുള്ള പൊതുയോഗം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ പാരിഷ് ഹാളിലും 15ന് രാവിലെ 10.30 ന് തിരുമുല്ലവാരം സെന്റ് ജോൺസ് യുപി സ്‌കൂളിലുമാണ് യോഗം. പൊതുമരാമത്ത്, റവന്യു അധികൃതരും കോർപറേഷൻ കൗൺസിലർമാരും പങ്കെടുക്കും. പഠന റിപ്പോർട്ടിന്റെ കരട് www.classtvpm.in എന്ന വെബ് സൈറ്റിലും കോർപറേഷൻ ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഭൂവുടമകളും മറ്റു കക്ഷികളും പങ്കെടുക്കണം.
റോഡ് വികസനം എങ്ങനെ?
നിലവിൽ 6 മുതൽ 8 മീറ്റർ വീതിയിലുള്ള തീരദേശ പാത 14 മീറ്റർ വീതിയിലാണു വികസിപ്പിക്കുന്നത്. 7 മീറ്റർ വീതിയിൽ റോഡും ഇരു വശത്തും മുക്കാൽ മീറ്റർ വീതിയിൽ പാർക്കിങ് സൗകര്യവും (ഷോൾഡർ) 2.5 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും 1.5 മീറ്റർ വീതിയിൽ അഴുക്കുചാൽ സൗകര്യവും ഉൾപ്പെടുത്തിയാണ് റോഡ് വികസനം. നിലവിലെ റോഡിന്റെ ഇരുവശങ്ങളും ഏറ്റെടുത്താകും വികസനമെന്നും രേഖയിൽ പറയുന്നു.