90 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Mail This Article
കൊല്ലം ∙ നഗരത്തിൽ വൻ ലഹരിവേട്ട; നാലര ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കൊല്ലം ഉമയനല്ലൂർ വടക്കുംക്കര റിജി നിവാസിൽ എ.ഷിജു (34) ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പിടിയാലയത് ഇയാളുടെ പക്കൽ നിന്ന് 90 ഗ്രാം എംഡിഎംഎ പിടികൂടി. മാടൻനടയ്ക്കു സമീപത്തു നിന്നാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഡൽഹിയിൽ നിന്നു വിമാന മാർഗം എംഡിഎംഎയുമായി തിരുവനന്തപുരത്ത് എത്തിയ ഇയാൾ ബസിൽ കൊല്ലത്ത് എത്തി.
മാടൻനടയ്ക്കു സമീപത്തു വച്ചാണ് പൊലീസ് പിടികൂടിയത്.ജില്ലയിൽ ആദ്യമായാണു വിമാന മാർഗം ഇത്രയും വലിയ അളവിൽ എത്തിയ രാസലഹരി പിടികൂടുന്നത്. ഇയാൾ കഴിഞ്ഞ കുറച്ചു നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 63 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ഒരു കേസ് ഇയാൾക്കെതിരെ ആന്ധ്രയിൽ നിലവിലുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിലേക്കു നിരന്തരമായി യാത്ര നടത്തുന്ന ഇയാളുടെ യാത്രാ വിവരങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൂടാതെ, ആവശ്യക്കാർക്കു തൂക്കി വിൽപന നടത്താനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നു കണ്ടെത്തി.
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, എസിപി എസ്.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് സംഘവും ഇരവിപുരം പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരെ കുറിച്ചും വ്യക്തമായ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു സൂചന.