പാറക്കുളങ്ങളിലെ വെള്ളം കൃഷിക്ക്; വിജയം കണ്ട പദ്ധതി നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് മടി

Mail This Article
കൊട്ടാരക്കര∙പാറക്കുളങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പദ്ധതി വിജയം കണ്ടിട്ടും വ്യാപകമായി നടപ്പാക്കാതെ അധികൃതർ.താലൂക്കിൽ എഴുപതോളം പാറക്കുളങ്ങളാണ് വെള്ളം നിറഞ്ഞ് കിടക്കുന്നത്. മൈലം, നെടുവത്തൂർ, കരീപ്ര പഞ്ചായത്തുകളിലാണ് പാറക്കുളങ്ങളേറെയുള്ളത്. 15 വർഷത്തിനുള്ളിൽ 12 പേർ വിവിധയിടങ്ങളിലെ പാറക്കുളങ്ങളിൽ വീണ് മരിച്ചു.
സംരക്ഷണ വേലി കെട്ടി പാറക്കുളങ്ങൾ സംരക്ഷിക്കുകയും വെള്ളം സൗരോർജ പമ്പ് ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് ഒഴുകി വിടുകയും ചെയ്താൽ വേനൽക്കാലത്ത് കർഷകർക്ക് ആശ്വാസമാകും. വലിയ ചെലവില്ലാതെ പദ്ധതി നടപ്പാക്കാനും കഴിയും.കരീപ്ര ഉളവോട് നടപ്പാക്കി വിജയിച്ച പദ്ധതി അയൽജില്ലകളിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്.
ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് കൊട്ടാരക്കര താലൂക്കിലെ മറ്റ് പഞ്ചായത്തുകൾ. ഖനന ശേഷം പാറക്വാറികൾ നികത്തണമെന്നാണ് നിയമം.മിക്ക ക്വാറി ഉടമകളും ചെയ്യുന്നില്ല. താലൂക്ക് വികസന സമിതികളിലെ പതിവ് പരാതിയാണ് അപകടാവസ്ഥയിലുള്ള പാറക്കുളങ്ങൾ.