അനധികൃത പാചകവാതക റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 75 സിലിണ്ടറുകൾ പിടിച്ചെടുത്തു

Mail This Article
കൊട്ടിയം∙ അനധികൃതമായി പ്രവർത്തിച്ചു വന്ന പാചകവാതക റീഫില്ലിങ് കേന്ദ്രത്തിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. റെയ്ഡിൽ 75 പാചകവാതക സിലിണ്ടറുകളും വാതകം നിറയ്ക്കാൻ ഉപയോഗിക്കുന്ന ട്യൂബുകളും ഇലക്ട്രോണിക് ത്രാസും വാഹനങ്ങളും പിടിച്ചെടുത്തു. കൊട്ടിയം ഒറ്റപ്ലാമൂട്ടിലുള്ള ഒരു വീടിനോടു ചേർന്ന് പ്രവർത്തിക്കുന്ന ഷെഡിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.
ഇവിടെ നിന്നും മിനി ലോറികളിലും ഒാട്ടോറിക്ഷകളിലും സിലിണ്ടറുകൾ കൊണ്ടുപോകുന്നതു ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം ജില്ലാ സപ്ലൈ ഓഫിസറെ അറിയിക്കുകയായിരുന്നു.ഈ ഷെഡ് വെള്ളം നിറയ്ക്കുന്ന കമ്പനി എന്ന പേരിലാണ് പ്രവർത്തിച്ചതെന്നാണ് പറയുന്നത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിൽ നിന്നും ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളിലേക്കു വാതകം നിറയ്ക്കുകയായിരുന്നു ഇവിടെ. റീഫില്ലിങ് കേന്ദ്രം നടത്തിയിരുന്ന പട്ടത്താനം സ്വദേശി അനിൽ സ്വരൂപ് എന്നയാളെ പിടികൂടി.
പാചക വാതക സിലിണ്ടറുകൾ പിടികൂടിയതു സംബന്ധിച്ച് കലക്ടർക്കും പൊലീസിനും സപ്ലൈ ഓഫിസ് അധികൃതർ റിപ്പോർട്ട് നൽകി.സപ്ലൈ ഓഫിസർ വൈ.സാറാമ്മയുടെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരുടെ സംഘമാണ് റെയ്ഡ് നടത്തിയത്. ആർഐമാരായ ജി.ബിജുകുമാര കുറുപ്പ്, എം.ഷാനവാസ്, എസ്. സജീഷ്, എ.എൽ സനൂജ, ആർ.ജസ്ന, എസ്.ആശ, കെ.ഐ.അനില എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.