വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു

Mail This Article
കണ്ണനല്ലൂർ ∙ കെഎസ്ഇബിയുടെ പാലമുക്ക് 33 കെവി സബ്സ്റ്റേഷനിൽ വച്ചു വൈദ്യുതാഘാതമേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന താൽക്കാലിക ടെക്നിക്കൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ആലുംമൂട് പുനക്കന്നൂർ രാജേഷ് ഭവനിൽ രാജീവ് (34) ആണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ 6നു രാവിലെ 6നാണ് സബ് സ്റ്റേഷനിൽ വച്ച് രാജീവിനു വൈദ്യുതാഘാതം ഏറ്റത്. സബ്സ്റ്റേഷനിൽ ലൈൻ ഡ്രിപ്പ് ആയതിനെത്തുടർന്ന് തീ ഉണ്ടായി. ഇതു കെടുത്താൻ ശ്രമിക്കുന്നതിനിടെ രാജീവിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
ദേഹത്ത് 45% പൊള്ളലേറ്റു. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. 7 വർഷമായി രാജീവ് കെഎസ്ഇബിയിൽ താൽക്കാലിക ജീവനക്കാരനാണ്. അച്ഛൻ പരേതനായ രാജൻ പിള്ള. അമ്മ കമലമ്മ. സഹോദരൻ രാജേഷ്. സംസ്കാരം നടത്തി. കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. ഓഗസ്റ്റിൽ വിവാഹ നിശ്ചയം നടത്താനിരിക്കെയാണ് മരണം. ആറുമാസം മുൻപ് രാജീവിന്റെ അച്ഛനും പൊള്ളലേറ്റ് ആണ് മരിച്ചത്.