കൊടിതൂക്കാംമുകളിൽ ജലസംഭരണി തയാർ; നോക്കിയിരുന്നു വെള്ളമിറക്കാം...!

Mail This Article
പുത്തൂർ ∙ കുളക്കട പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം നടത്താൻ കൊടിതൂക്കാംമുകളിൽ സ്ഥാപിച്ച ജലസംഭരണിയുടെ നിർമാണം പൂർത്തിയായി വർഷം ഒന്നു കഴിഞ്ഞിട്ടും ജലവിതരണം തുടങ്ങാത്തതിൽ വ്യാപക പ്രതിഷേധം. കുളക്കട–പവിത്രേശ്വരം ശുദ്ധജലപദ്ധതിയുടെ ഭാഗമായി കുളക്കട പഞ്ചായത്തിൽ ജലവിതരണത്തിനായി നിർമിച്ച സംഭരണിയാണിത്. 2020ൽ ആണ് ഇതിനായി 5.5 സെന്റ് സ്ഥലം വാങ്ങിയത്. പഞ്ചായത്തംഗങ്ങളുടെ ഓണറേറിയം ഉപയോഗിച്ചായിരുന്നു വസ്തു വാങ്ങൽ.
വസ്തു ജലവിഭവ വകുപ്പിനു കൈമാറിയ മുറയ്ക്കു സംഭരണിയുടെ പണി തുടങ്ങുകയും ചെയ്തു. 3 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയാണ് നിർമിച്ചത്. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കൊടിതൂക്കാംമുകൾ, പൊങ്ങൻപാറ, പെരുങ്കുളം, പാത്തല, വെണ്ടാർ തുടങ്ങിയ ഭാഗങ്ങളിലേക്കു നിലവിലെ സംവിധാനം ഉപയോഗിച്ചു കാര്യക്ഷമമായ ജലവിതരണം സാധ്യമാകാത്തതിനാലാണ് ഉയർന്ന പ്രദേശത്തു തന്നെ പുതിയ സംഭരണി സ്ഥാപിച്ചത്. പക്ഷേ സംഭരണിയിലേക്കു വെള്ളം പമ്പു ചെയ്യുന്നതിനുള്ള പൈപ്പ് ലൈനുകൾ ഇതു വരെ സ്ഥാപിച്ചിട്ടില്ല.
ഇതാണ് ജലവിതരണത്തിനു തടസ്സമായി നിൽക്കുന്നത്. പെരുംകുളത്തെ ശുദ്ധീകരണ ശാലയിൽ നിന്നു ജലസംഭരണിയിലേക്കു വെള്ളം പമ്പ് ചെയ്യണം എങ്കിൽ കൊട്ടാരക്കര–പൂവറ്റൂർ റോഡ് മുറിച്ചു കടക്കേണ്ടതുണ്ട്. ഇതിന് അനുമതി ലഭിക്കാൻ വൈകിയതാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ തടസ്സമായതത്രെ. പക്ഷേ ഇപ്പോൾ അനുമതി ലഭിച്ചിട്ടുണ്ടെന്നും ശുദ്ധീകരണശാലയോടു ചേർന്ന് പുതിയ പമ്പ്ഹൗസിന്റെ നിർമാണം തുടങ്ങിയതായും അധികൃതർ പറയുന്നു.
പമ്പ് ഹൗസ് പൂർത്തിയാകുന്ന മുറയ്ക്കു പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കും. 10 കുതിരശക്തി ശേഷിയുള്ള മോട്ടറാണ് സ്ഥാപിക്കുന്നത്. പണി പൂർത്തിയാകാൻ കുറഞ്ഞത് 3 മാസം വേണ്ടി വരുമെന്നാണ് സൂചന. ചുരുക്കത്തിൽ ഈ വേനൽക്കാലത്തും സംഭരണിയിൽ നിന്നു ജലവിതരണം സാധ്യമാകില്ല എന്നു സാരം..!