എവിടെ നിന്നൊക്കെ വാഹനങ്ങൾ വന്നു കയറുന്നുവെന്ന് അറിയാത്ത അവസ്ഥ; ദേശീയപാതയിൽ യാത്രാക്കുരുക്ക്

Mail This Article
കരുനാഗപ്പള്ളി ∙ ദേശീയപാതയിൽ കരുനാഗപ്പള്ളി ടൗൺ ഭാഗത്ത് സുഗമമായ യാത്രാ സൗകര്യം ഒരുക്കാതെ ദേശീയപാത നിർമാണ കമ്പനി യാത്രക്കാരെ കുഴപ്പിക്കുന്നു. ടൗണിലെ ഓപ്പൺ ഫ്ലൈ ഓവറിന്റെ നിർമാണ പ്രവർത്തനങ്ങൾ തന്നെ ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഓപ്പൺ ഫ്ലൈഓവറിനു വേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, ഇരു വശങ്ങളിലൂടെയാണ് വാഹന ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
ലാലാജി ജംക്‌ഷനിൽ എത്തി കായംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ റോഡിന്റെ വശത്ത് നിർമിച്ചിട്ടുള്ള സർവീസ് റോഡിലൂടെയാണ് പോകുന്നത്. ഇവിടെ പൊലീസ് സ്റ്റേഷനു മുൻവശം വരെ മാത്രമേ സർവീസ് റോഡ് പൂർത്തീകരിച്ചിട്ടുള്ളൂ. നാലു വശത്തു നിന്നു റോഡ് വന്നു ചേരുന്ന ഭാഗത്ത് എവിടെ നിന്നൊക്കെ വാഹനങ്ങൾ വന്നു കയറുന്നുവെന്നറിയാത്ത അവസ്ഥയിലാണ് .

സിവിൽ സ്റ്റേഷനു മുന്നിൽ നിന്നു കൊല്ലം ഭാഗത്ത് പോകുന്ന വാഹന യാത്രക്കാരും കാൽനടയാത്രക്കാരുമൊക്കെ ഏറെ യാത്രാദുരിതം അനുഭവിക്കുകയാണ്. ഈ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ നിർമാണവും ഓടയുടെ നിർമാണവും ഇനിയും പൂർത്തീകരിച്ചിട്ടില്ല. സർവീസിനായി ഉപയോഗിക്കുന്ന റോഡിന്റെ പല ഭാഗങ്ങളിലും റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്നു. നൂറു കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നു പോകുന്ന റോഡിന്റെ കുടുതൽ ഭാഗങ്ങളും തകർന്നു കിടക്കുകയാണ്. പലയിടത്തും മെറ്റൽ ഇളകി വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
റോഡിന്റെ കിഴക്കു ഭാഗത്തെ സർവീസ് റോഡിന്റെയും ഓടയുടെയും നിർമാണം വേഗത്തിൽ പൂർത്തിയാക്കത്തത് ചിലരെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണവും നിലനിൽക്കുകയാണ്. നഗരസഭ റോഡിന്റെ വശത്തു നിന്ന് ഒഴിപ്പിച്ച വഴിയോര കച്ചവടക്കാരൊക്കെ മറ്റൊരു രൂപത്തിൽ റോഡിന്റെ വശം കയ്യടക്കി കഴിഞ്ഞു. വശത്തെ അനധികൃത വാഹന പാർക്കിങ്ങും മിക്ക ഭാഗങ്ങളിലും ഗതാഗത കുരുക്കും ഉണ്ടാക്കുന്നു.
സിവിൽ സ്റ്റേഷന്റെ കിഴക്കുഭാഗം മുതൽ തെക്കോട്ട് കരോട്ട് മുക്ക് വരെ വിവിധ ഭാഗങ്ങളിലായി തകർന്നു കിടക്കുന്ന റോഡിന്റെ ഭാഗങ്ങൾ ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കൊല്ലം ഭാഗത്തു നിന്നു കായംകുളം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ലാലാജി ജംക്‌ഷനിൽ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗവും തകർന്ന് അപകടക്കെണിയായി കിടക്കുകയാണ്.