സ്യൂട്ട്കെയ്സിനുള്ളിൽ അസ്ഥികൂടം; ദുരൂഹതയില്ലെന്നു നിഗമനം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചേക്കും
Mail This Article
കൊല്ലം ∙ നഗരമധ്യത്തിലെ പള്ളിവളപ്പിൽ സ്യൂട്ട്കെയ്സിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. നിലവിൽ അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനും വിശദമായ പരിശോധനകൾക്കുമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്ഥികൂടത്തെ പ്രാഥമികമായി പരിശോധിച്ചതിൽ നിന്ന് മെഡിക്കൽ വിദ്യാർഥികൾ പഠിക്കാൻ വേണ്ടി ഉപയോഗിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. അസ്ഥികളിലെ അടയാളങ്ങളും എഴുത്തുകളും തലയോട്ടി പിളർന്നിരിക്കുന്ന രീതിയും മറ്റുമെല്ലാം മെഡിക്കൽ പഠനത്തിന്റെ ആവശ്യത്തിന് ഉപയോഗിച്ചതിന്റെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മെഡിക്കൽ വിദ്യാർഥികൾ പഠനത്തിനായി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതോ അല്ലെങ്കിൽ പഠനത്തിനു ശേഷം വീട്ടിൽ വച്ചിരുന്നത് എന്തെങ്കിലും നിർമാണ പ്രവൃത്തികളുടെ ഭാഗമായോ മറ്റോ മാറ്റേണ്ടി വന്നപ്പോൾ ഉപേക്ഷിച്ചതോ ആകാമെന്നാണ് കരുതുന്നത്. എങ്കിലും ആരാണ് പള്ളിവളപ്പിൽ ഇത് ഉപേക്ഷിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചേക്കും. അതേ സമയം കൊലപാതകം അടക്കമുള്ള മറ്റു സാധ്യതകൾ പൊലീസ് പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല.
കപ്പലണ്ടിമുക്ക് സെന്റ് തോമസ് സിഎസ്ഐ ചർച്ചിന്റെ സെമിത്തേരിക്ക് സമീപത്തെ പള്ളിവളപ്പിലാണ് കഴിഞ്ഞ ദിവസം രാവിലെ തലയോട്ടി അടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. അതേ സമയം അസ്ഥികൂടത്തിന്റെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാകാൻ സമയമെടുക്കും. ഡിഎൻഎ പരിശോധനയും നടത്തും. ഈ നടപടിക്രമങ്ങൾ പൂർത്തിയാകാൻ ദിവസങ്ങൾ എടുക്കും.
അസ്ഥികൂടങ്ങൾ ദ്രവിക്കാനുള്ള സാധ്യത കുറവ്
കൊല്ലം ∙ അസ്ഥികൂടങ്ങൾ ഏറെ വർഷങ്ങളോളം യാതൊരു പ്രശ്നവുമില്ലാതെ നിലനിൽക്കുന്നതായതിനാൽ ദ്രവിച്ചു പോകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും അസ്ഥികൂടങ്ങൾ നിലകൊള്ളുന്ന സാഹചര്യത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചാണ് ഇവയുടെ ദ്രവീകരണ സാധ്യതയുള്ളത്. മെഡിക്കൽ പഠനത്തിന്റെ ആവശ്യങ്ങൾക്കായി മെഡിക്കൽ കോളജുകളിലും ലാബുകളിലുമുള്ള അസ്ഥികൂടങ്ങൾ കൃത്യമായ കേട് വരാതെ സൂക്ഷിക്കുന്ന രാസവസ്തുക്കളും മറ്റും ഇട്ടാണ് സൂക്ഷിക്കുന്നത്. അതിനാൽ തന്നെ കാലപ്പഴക്കം മൂലം അവയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല. എന്നാൽ ഇവ സ്ഥാപനത്തിന്റെ സ്വത്തായതിനാൽ വിദ്യാർഥികൾക്കു കാണാനും പഠിക്കാനുമല്ലാതെ സൂക്ഷിക്കാനോ കൊണ്ടുപോകാനോ നൽകാറില്ല. ഇപ്പോൾ മെഡിക്കൽ വിദ്യാർഥികൾക്ക് പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കൃത്രിമ അസ്ഥികൂടങ്ങൾ പഠനാവശ്യത്തിനായി ലഭ്യമാണ്.