ഉപയോഗശൂന്യമായ പൊതുകിണർ വൃത്തിയാക്കണമെന്ന ആവശ്യം ശക്തം

Mail This Article
മൺറോത്തുരുത്ത്∙ പതിറ്റാണ്ടുകൾ പഴക്കമുള്ള പൊതു കിണർ നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തം. തുമ്പുമുഖം പള്ളിക്ക് സമീപത്തെ പഞ്ചായത്ത് കിണറാണ് നവീകരണം ഇല്ലാതെ നശിക്കുന്നത്. 1990ൽ ജവാഹർ റോസ്ഗർ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കിണറാണിത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതികൾ ഉപയോഗിച്ച് വൃത്തിയാക്കിയിരുന്ന കിണർ ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. കിണറിനോടു ചേർന്നാണ് വാർഡിലെ പ്ലാസ്റ്റിക് ശേഖരണത്തിനുള്ള ഷെഡ് നിർമിച്ചിരിക്കുന്നത്.
ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ കിണറിന് ചുറ്റും കൂട്ടിയ നിലയിലാണ്. മദ്യ കുപ്പികൾ, ഓല, കരിയില ഉൾപ്പെടെയുള്ള മാലിന്യം വീണ് വെള്ളം മലിനമായ നിലയിലാണ്.കടുത്ത വേനലിലും കിണർ വറ്റാറില്ല എന്ന് പ്രദേശവാസികൾ പറയുന്നു. മുൻപ് സമീപത്തെ കിണറുകൾ വറ്റുമ്പോൾ ജനങ്ങൾ ഈ കിണറിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ഓരു വെള്ളം ആയതിനാലാണ് കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്തതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. തുടർച്ചയായി വേലിയേറ്റം ഉണ്ടാകുന്നതിനാൽ ഓരിന്റെ അംശം മാറുന്നില്ലെന്നാണു അധികൃതർ പറയുന്നത്.
കിണറ്റിലെ വെള്ളം പരിശോധിച്ച് ഉപയോഗയോഗ്യം ആണെങ്കിൽ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കണമെന്ന് കെപിസിസി വിചാർ വിഭാഗ് മൺറോത്തുരുത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേസ്റ്റ് ബിൻ മാറ്റി സ്ഥാപിച്ച് കിണർ നവീകരിക്കണമെന്നും ജല വിതരണത്തിന് കിണറ്റിലെ വെള്ളം ഉപയോഗിക്കണമെന്നും മണ്ഡലം കമ്മിറ്റി ചെയർമാൻ കന്നിമേൽ അനിൽ കുമാർ ആവശ്യപ്പെട്ടു.