ലഹരി കടത്ത്: ഒന്നിച്ചു പോരാടാൻ കൊല്ലം റൂറൽ പൊലീസും തെങ്കാശി പൊലീസും
Mail This Article
കൊട്ടാരക്കര ∙ ലഹരി കടത്തിനെതിരെ ഒന്നിച്ചു പോരാടാൻ കൊല്ലം റൂറൽ ജില്ലാ പൊലീസും തെങ്കാശി ജില്ലാ പൊലീസും. ജില്ലകളിലെ ലഹരി കടത്തുകാരുടെ പട്ടിക പരസ്പരം കൈമാറി. പ്രതികളെ നിരീക്ഷിക്കാൻ സൈബർ സംവിധാനവും ഏർപ്പെടുത്തി. ആര്യങ്കാവ് അതിർത്തിയിൽ ലഹരി പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡിനെയും ഏർപ്പെടുത്തി. തമിഴ്നാട് അതിർത്തി വഴി ജില്ലയിലേക്ക് വൻതോതിൽ ലഹരി ഒഴുകുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണു നടപടി. ലഹരി ഇടപാടുകാരുടെ എണ്ണം വൻതോതിൽ വർധിച്ചെന്നാണ് കണക്കുകൾ. ഭീതിപ്പെടുത്തുന്ന കണക്കുകളാണ് പൊലീസിനു ലഭിച്ചത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടത്തിയ പരിശോധനയിൽ 280 കേസുകളാണു ജില്ലയിൽ റജിസ്റ്റർ ചെയ്തത്. കഞ്ചാവിന് പുറമേ സിന്തറ്റിക് ഡ്രഗുകളും വൻ തോതിൽ പിടിച്ചെടുത്തു. കഴിഞ്ഞ വർഷം ആകെ റജിസ്റ്റർ ചെയ്തത് 260 കേസുകളാണ്. അതിലേറെ കേസുകൾ 2 മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്തു. കൂടുതൽ യുവാക്കൾ ലഹരി മേഖലയിലേക്കു കടക്കുന്നതായാണു വിവരം. കൊല്ലം റൂറൽ ജില്ലാ പൊലീസ് നടത്തിയ 10 വർഷത്തെ പരിശോധനയിൽ ലഹരി വിൽപന നടത്തിയ 70% പേരും ഇപ്പോഴും ജയിലിൽ കഴിയുന്നതായാണു റിപ്പോർട്ട്.
സിന്തറ്റിക് ലഹരിയുടെ വിൽപനക്കാരും ഉപഭോക്താക്കളും ആയി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ രംഗത്തു വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവരിൽ നല്ലൊരു വിഭാഗത്തെ കണ്ടെത്താനായെന്നാണ് റിപ്പോർട്ട്. ലഹരി വരുന്ന വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.അന്വേഷണത്തോടു സഹകരിക്കാൻ കുറിയർ – പാഴ്സൽ സ്ഥാപനങ്ങളോട് പൊലീസ് അഭ്യർഥിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ കണക്കെടുപ്പ് പൊലീസ് പൂർത്തിയാക്കി. ലഹരിക്കെതിരെ ശക്തമായ നടപടി തുടരുമെന്നു കൊല്ലം റൂറൽ എസ്പി കെ.എം.സാബു മാത്യു അറിയിച്ചു.