കാട്ടുപന്നിയെ ഭയക്കേണ്ട, രക്ഷയ്ക്കു ഡാനിയൽ ഉണ്ട്

Mail This Article
അഞ്ചൽ ∙ കാട്ടുപന്നികളെ കൊണ്ടു പൊറുതി മുട്ടിയോ? വിഷമിക്കേണ്ട... വിളക്കുപാറ ഡാനിയൽ വിളിപ്പുറത്തുണ്ട്. ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്ന ഈ കർഷകൻ ഇപ്പോൾ 3 പഞ്ചായത്തുകളിലെ ഒട്ടേറെ കർഷകരുടെ ആശ്രയമാണ്. വനവുമായി ബന്ധമില്ലാത്ത സ്ഥലങ്ങളിൽ പോലും കാട്ടുപന്നികൾ പെറ്റുപെരുകിയതോടെ ഇവയെ കൊന്നൊടുക്കാൻ പഞ്ചായത്തുകൾക്കു ലഭിച്ച അധികാരത്തിന്റെ അടിസ്ഥാനത്തിൽ ഇട്ടിവ, ഏരൂർ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിൽ കൃഷി നശിപ്പിച്ച ഒട്ടേറെ പന്നികളെ ഡാനിയൽ കൊന്നു.
ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 1500 രൂപ സർക്കാർ പ്രതിഫലം നൽകുമെങ്കിലും അദ്ദേഹം ഇതുവരെ ഇതു വാങ്ങിയിട്ടില്ല. ‘കർഷകരുടെ ശത്രു, തന്റെയും ശത്രു’ എന്ന ചിന്തയാണു തന്നെ നയിക്കുന്നതെന്ന് ഈ കർഷകൻ പറയുന്നു. സ്വന്തം വാഹനത്തിലാണു വേട്ടയ്ക്കു പോകുന്നത്. അതിന്റെ ചെലവും ആരോടും ചോദിച്ചു വാങ്ങിയിട്ടില്ല. അക്രമകാരികളായ കാട്ടുപന്നികളെ വെടി വയ്ക്കുക എന്നതു വളരെ പ്രയാസമാണ്. ഇവയുടെ വേഗമാണു വലിയ പ്രതിസന്ധി. ഉന്നം പിഴച്ചാൽ ചിലപ്പോൾ ജീവൻതന്നെ അപകടത്തിലാകും.
വിളക്കുപാറ പ്രദേശത്തു വിവിധ കൃഷികൾ ചെയ്യുന്ന ആളാണു ഡാനിയൽ. കാട്ടുപന്നി ശല്യം കാരണം സമീപത്തെ കർഷകർ പലരും കൃഷി അവസാനിപ്പിച്ചെങ്കിലും ലൈസൻസുള്ള നാടൻ തോക്കിന്റെ പിൻബലത്തിൽ ഡാനിയൽ ഇപ്പോഴും കൃഷി നടത്തുന്നു. പുരയിടങ്ങളിൽ അടിക്കാട് വളരാൻ അനുവദിക്കരുതെന്നാണു ഡാനിയലിന്റെ അഭിപ്രായം. അതു കാട്ടുമൃഗങ്ങളെ ആകർഷിക്കും. വനവുമായി ബന്ധമില്ലാത്ത ഇടമുളയ്ക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽ പന്നി പെരുകുന്നതിനു പ്രധാന കാരണം ഇതാണെന്നും ഡാനിയൽ പറയുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചതും ഇവിടെയാണ്. ഫോൺ നമ്പർ – 9447877663.