വാട്സാപ് കോളിലൂടെ പണം തട്ടിയ സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ

Mail This Article
കൊല്ലം∙ വാട്സാപ് കോളിലൂടെ കൊല്ലം സ്വദേശിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യ പ്രതിയെ ബെംഗളൂരുവിൽ നിന്നു കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. തിരുവനന്തപുരം, പേട്ട, നബീസ മൻസിലിൽ മുഹമ്മദ് ഷാദർഷയെയാണ് (31) അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തായ തിരുവനന്തപുരം ചെങ്കൽ സ്വദേശി എസ്.എസ് അരുണിനെ(25) ഏതാനും ദിവസം മുൻപ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാദർഷയെ പിടികൂടിയത്. ഇതോടെ സംഘത്തിൽ ഉൾപ്പെട്ട 6 പ്രതികൾ പിടിയിലായി.
കൊല്ലം സ്വദേശിനിയെ വിഡിയോ കോൾ ചെയ്ത വ്യക്തി മുംബൈ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഡിസിപി ആണെന്ന് പരിചയപ്പെടുത്തി, യുവതി കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണെന്നു സംശയിക്കുന്നതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമനടപടികൾ ഉണ്ടാകാതിരിക്കാൻ അക്കൗണ്ടിലെ പണം മുഴുവൻ റിസർവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നു ഭീഷണിപ്പെടുത്തി. അക്കൗണ്ടിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് കൊല്ലം സ്വദേശിനി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം കുളത്തൂർ വില്ലേജിൽ ഉച്ചക്കട ചൂരിയോട് വീട്ടിൽ അജിത്ത് (25), തിരുവനന്തപുരം കൊച്ചുവേളി വില്ലേജിൽ ടൈറ്റാനിയം തെക്കേത്തോപ്പു വീട്ടിൽ അരുൺലാൽ (21), തിരുവനന്തപുരം കുളത്തൂർ വില്ലേജിൽ ഉച്ചക്കട നെല്ലിക്കകുഴി വാറുതട്ടു പുത്തൻ വീട്ടിൽ സുധീഷ് (25), തിരുവനന്തപുരം കുളത്തൂർ വില്ലേജിൽ ഉച്ചക്കട ബി.പി ഭവൻ വീട്ടിൽ ബെഞ്ചമിൻ (25) എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. സംഘത്തിൽപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. വെസ്റ്റ് എസ്എച്ചഒ ഫയാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സരിത, അൻസർഖാൻ, ഹസൻകുഞ്ഞ് എസ്‌സിപിഒ മാരായ ദീപു ദാസ്, രതീഷ്കുമാർ, ശ്രീലാൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.