ജലാശയങ്ങളും ഓടകളും നികന്നു, മണ്ണും മാലിന്യവുമടിഞ്ഞ്...; മഴക്കാലത്ത് വെള്ളപ്പൊക്ക ആശങ്ക

Mail This Article
കൊട്ടാരക്കര ∙ മണ്ണും മാലിന്യവും അടിഞ്ഞു നികന്ന് ജലാശയങ്ങളും ഓടകളും; മഴക്കാല പൂർവ ശുചീകരണത്തിനു നടപടിയില്ല. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തോളം പേർ ശുചീകരണം നടത്തിയ പാണ്ടിവയൽ തോടും മലിനമായി. മഴക്കാലത്തു വെള്ളം കയറി റോഡുകൾ വെള്ളക്കെട്ട് ആകുമോ എന്നതാണ് ആശങ്ക.
ഗ്രാമീണ മേഖലകളിലാണു പ്രശ്നം രൂക്ഷം. റോഡുകളും മിക്കതും തകർച്ചയിലാണ്. കൊട്ടാരക്കര നഗരസഭ, മൈലം, വെട്ടിക്കവല, ഉമ്മന്നൂർ, മേലില പഞ്ചായത്തുകളിലും സമാനസ്ഥിതിയാണ്. തൊഴിലുറപ്പു പദ്ധതി പ്രകാരം പല തദ്ദേശ സ്ഥാപനങ്ങളും ഓടകൾ ശുചീകരിച്ചു. ഓടകളിലെ മാലിന്യം നീക്കി റോഡ് വശത്ത് കൂട്ടിയതല്ലാതെ നീക്കം ചെയ്തില്ല. മഴയിൽ മാലിന്യം വീണ്ടും ഓടയിൽ പതിക്കും. ഫണ്ടിന്റെ അപര്യാപ്തത കാരണം കല്ലട പദ്ധതി കനാലിലും ഇക്കുറി ശുചീകരണം പേരിനു മാത്രമായി. ചെറിയ മഴ പെയ്താൽ പോലും തോടുകൾ കര കവിഞ്ഞ് വെള്ളം പരിസരത്തെ വീടുകളിലേക്കു കയറുമെന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മഴയിൽ ഇതായിരുന്നു സ്ഥിതി.
നെല്ലിക്കുന്നം, പനവേലി തോടുകൾ മാലിന്യം നിറഞ്ഞു നികന്ന അവസ്ഥയിലാണ്. പൊതു കുളങ്ങൾ മിക്കതും തകർച്ചയിലാണ്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ലൈബ്രറിക്കു മുന്നിൽ തോട് നികന്നു വർഷങ്ങളായി മാലിന്യവും വെള്ളവും കെട്ടിക്കിടക്കുന്നു. എംസി റോഡ് അരികിരികിലും പുലമൺ ഗോവിന്ദമംഗലം റോഡിലും നീർച്ചാലുകൾ കയ്യേറ്റക്കാർ നികത്തി. തൊഴിലുറപ്പ്, കുടുംബശ്രീ, ശുചിത്വമിഷൻ പ്രവർത്തകർ, വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സേന രൂപീകരിച്ചു ശുചീകരണം ഉടൻ നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.