ബിഎഫ്ഒമാർക്ക് വേണ്ട സുരക്ഷാ ആയുധങ്ങൾ അനുവദിക്കും: മന്ത്രി

Mail This Article
കൊല്ലം ∙ കേരളത്തിൽ പൊതുവേ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്കും വാച്ചർമാർക്കും ആവശ്യമായ സൗകര്യങ്ങൾ പരിമിതമാണെന്നും അവ പരിഹരിക്കേണ്ടതാണെന്നും മന്ത്രി എ.കെ ശശീന്ദ്രൻ. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സ്ത്രീകളുടെ പ്രശ്നങ്ങൾ പറഞ്ഞ ‘‘കാവലിനു വേണം കരുതൽ’’ മലയാള മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബിഎഫ്ഒമാർ പറഞ്ഞ ആവശ്യങ്ങൾ തികച്ചും ന്യായമാണ്. നനിരീക്ഷണത്തിനു പോകുന്ന ബിഎഫ്ഒമാർക്ക് വേണ്ട സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ കാര്യമായി ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. അവർക്ക് വേണ്ട ആയുധങ്ങളും പ്രതിരോധ സാമഗ്രികളും അനുവദിക്കാൻ കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചിട്ടുണ്ട്. അത് ലഭിക്കുന്നതനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ വർഷം പ്രാബല്യത്തിലുണ്ടായിരുന്ന ത്രിദിന ഓഫ് പുനഃക്രമീകരിക്കുന്നതിൽ ചർച്ച നടത്തേണ്ടതുണ്ട്. നിലവിൽ ഒരുസേനകളിലും അങ്ങനെ ഒരു ഓഫ് രീതിയില്ല. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഓഫിന്റെ കാര്യം മുൻപ് ആവശ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷേ അതിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. അത് യൂണിയനുകളുമായി ചർച്ചചെയ്ത് അതിൽ വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കും. ഒട്ടേറെ സ്ത്രീകൾ കടന്നുവരുന്ന ജോലിചെയ്യുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ മാത്രമല്ല കാട്ടിലെ ഓരോ ഉദ്യോഗസ്ഥരുടെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.