വാഹനാപകടത്തിൽ പരുക്കേറ്റ യുവതികൾക്ക് സഹായവുമായി മന്ത്രി ബാലഗോപാൽ

Mail This Article
കൊല്ലം ∙ വാഹനാപകടത്തിൽ പരുക്കേറ്റു റോഡിൽ വീണ യുവതികൾക്ക് അടിയന്തര സഹായവുമായി മന്ത്രി. സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു റോഡിലേക്കു തെറിച്ചു വീണ സ്‌കൂട്ടർ യാത്രക്കാരായ കാവനാട് സ്വദേശികളായ ആൻസി (36), ജിൻസി (34) എന്നിവരെയാണ് അപകട സ്ഥലത്ത് എത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യമായ സഹായം നൽകി ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ നിർദേശം നൽകിയത്. ഇന്നലെ ഉച്ചയ്ക്കു 12നു ഹൈസ്കൂൾ ജംക്‌ഷനു സമീപം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപമാണ് അപകടം.
കാവനാട് ഭാഗത്തു പോവുകയായിരുന്ന യുവതികൾ സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു വീണു പരുക്കേറ്റു. ഈ സമയത്താണു ജില്ലാ പഞ്ചായത്തിലെ പരിപാടി കഴിഞ്ഞു മന്ത്രി കെ.എൻ.ബാലഗോപാൽ അവിടെ എത്തിയത്. ഉടനെ അപകട സ്ഥലത്ത് ഇറങ്ങിയ ഇദ്ദേഹം അപകടത്തിൽ പെട്ടവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ സഹായം നൽകിയ ശേഷം അപകടം ഉണ്ടാക്കിയ ബസിനെതിരെ നിയമനടപടി സ്വീകരിക്കാൻ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കു നിർദേശവും നൽകിയ ശേഷമാണു സ്ഥലത്തു നിന്നു മടങ്ങിയത്. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം യുവതികളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ സ്കൂട്ടറിനു പിൻ സീറ്റിൽ ഇരുന്ന ജിൻസിയുടെ കാലിന് ഒടിവ് ഉണ്ടായിട്ടുണ്ട്. ബസ് ഡ്രൈവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.