വീട് നിലംപൊത്തി: എന്നിട്ടും ലൈഫ് പദ്ധതിയിൽ ഏറെ പിന്നിൽ; നിസ്സഹായരായി കുടുംബം

Mail This Article
പുത്തൂർ ∙ ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ ജീവൻ കയ്യിൽപ്പിടിച്ച് ആയിരുന്നു ഈ കുടുംബം ഇത്രയും നാൾ കഴിഞ്ഞത്. ഇന്നലെ പുലർച്ചെ തകർത്തു പെയ്ത മഴയിൽ ആ വീട് നിലംപൊത്തി. പൂവറ്റൂർക്കിഴക്ക് രഞ്ജിനി ഭവനിൽ രാജേന്ദ്രൻ ആചാരിയുടെ വീടാണു മഴയിലും കാറ്റിലും തകർന്നത്. രാജേന്ദ്രൻ ആചാരിയും ഭാര്യ സുശീലയും മകളും ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 കൊച്ചുമക്കളും വീടിന്റെ അടുക്കള ഭാഗത്ത് ഉണ്ടായിരുന്നു. വീടിന്റെ മുൻവശം തകർന്നു വീണപ്പോൾ തന്നെ കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഇവർ പുറത്തേക്കോടി.
അതുകൊണ്ടു വലിയ പരുക്കേറ്റില്ല. പക്ഷേ, കട്ടയും ഓടും വീണ് രാജേന്ദ്രൻ ആചാരിക്കു പരുക്കു പറ്റി. വീടിന്റെ മേൽക്കൂര അപ്പാടെ നിലംപൊത്തി. ഭിത്തികൾ ഇടിഞ്ഞു തള്ളി. വീട്ടുപകരണങ്ങളും നശിച്ചു. തകർന്നടിയുന്ന വീടിനു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനേ കുടുംബത്തിനു സാധിച്ചുള്ളൂ. ഓടു മേഞ്ഞു സിമന്റ് തേക്കാത്ത വീടായിരുന്നു ഇത്.
പഴക്കം ചെന്നിട്ടു കുറേക്കാലമായി. നിർമാണ തൊഴിലാളിയായിരുന്നു രാജേന്ദ്രൻ ആചാരി. ഇപ്പോൾ ജോലിക്കു പോകാൻ കഴിയുന്നില്ല. കശുവണ്ടി തൊഴിലാളിയായ ഭാര്യയ്ക്കും നിലവിൽ ജോലിയില്ല. സാമ്പത്തികമായി ഏറെ പിന്നാക്കമാണു കുടുംബം. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും നിലവിൽ വീടിന്റെ രൂപത്തിൽ ഒരു വാസസ്ഥലമുണ്ട് എന്ന കാരണത്താൽ പട്ടികയിൽ ഇവർ ഏറെ പിന്നിലായി. ഇനി അത് എന്നു കിട്ടും എന്ന് ഒരു രൂപവുമില്ല താനും.
പഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല, റവന്യു അധികൃതർ, ജനപ്രതിനിധികൾ എന്നിവരെത്തി നഷ്ടം കണക്കാക്കി. പ്രദേശത്തെ സിപിഐ പ്രവർത്തകർ ഒരു വാടക വീട് കണ്ടെത്തി കുടുംബത്തെ തൽക്കാലം അങ്ങോട്ടു മാറ്റിയിട്ടുണ്ട്. അത്യാവശ്യ ചെലവിനായി 15000 രൂപയും പ്രവർത്തകർ നൽകി. പകരം സംവിധാനം ഉണ്ടാകുന്നതുവരെ വീടിന്റെ വാടക നൽകാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇനിയെങ്കിലും ലൈഫ് പദ്ധതിയിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി ഇവർക്കു വീട് നൽകണം എന്നാണ് നാട് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.