സൂപ്പർമാർക്കറ്റിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി

Mail This Article
കടയ്ക്കൽ ∙ സൂപ്പർമാർക്കറ്റിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം എക്സൈസ് സംഘം കണ്ടെത്തി. ആനപ്പാറയിൽ പ്രവർത്തിക്കുന്ന പനമ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ നിന്നാണ് 650 കിലോ പുകയില ഉൽപന്നം കണ്ടെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചാക്കിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ഇവ. കടയ്ക്കൽ, കല്ലറ, കുമ്മിൾ പ്രദേശങ്ങളിലെ കടകളിൽ വിൽക്കാനായി കരുതിയതാണിതെന്ന് പൊലീസ് പറഞ്ഞു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷും സംഘവും രാത്രി 12നാണ് പരിശോധന നടത്തിയത്.
സൂപ്പർമാർക്കറ്റ് ഉടമ മുക്കുന്നം സ്വദേശി സിയാദിന്റെ പേരിൽ എക്സൈസ് കേസെടുത്തു. ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആയൂർ,കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നായി ഒരു ടണ്ണിലധികം നിരോധിത ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയിട്ടുള്ളത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സബീർ, ജയേഷ് കെ. ജി, ശ്രേയസ് ഉമേഷ് എന്നിവർ പങ്കെടുത്തു.
ഒരു മാസത്തിന് മുൻപ് റൂറൽ എസ്പിയുടെ ഡാൻസാഫ് ടീം ലോറിയിൽ നിന്ന് 18,000 കവർ പുകയില ഉൽപന്നം കടയ്ക്കലിൽ പിടികൂടിയിരുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവ കേരളത്തിൽ എത്തിക്കുന്നത്. പക്ഷേ പുകയില ഉൽപന്നം പിടികൂടി കേസ് എടുത്ത് പ്രതികളെ ജാമ്യം നൽകി പിഴ ഈടാക്കുന്നത് മാത്രമാണ് നടക്കുന്നത്.