വർണക്കുടമാറ്റം...: കാഴ്ചപ്പൂരം ഒരുക്കി കുടമാറ്റം

Mail This Article
കൊല്ലം ∙ ആശ്രാമം മൈതാനത്ത് ശ്രീ മഹാഗണപതിയുടെ തിടമ്പേറ്റിയ ആനപ്പുറത്ത് താമരക്കുളം ധ്വജസ്തംഭം സ്ഥാപിച്ചതോടെ കുടമാറ്റത്തിനു തുടക്കമായി. പീതവർണക്കൊടി ഉയർത്തി. പിന്നാലെ, ഉദയസൂര്യന്റെ ശോഭയുമായി പുതിയകാവിന്റെ പ്രത്യഭിവാദ്യം. കൊടി ഉയർത്തിയായിയിരുന്നു പുതിയകാവിന്റെയും തുടക്കം. പൂത്തിരികൾ കത്തി. പാണ്ടിമേളം തുടങ്ങി. പിന്നെയൊരു ‘പൂര’മായിരുന്നു. താമരക്കുളം 10 സെറ്റ് വർണക്കുടകളോടൊപ്പം തിരുപ്പതി ഭഗവാൻ, ശിവൻ, ഭരതനാട്യം, 6 നില തട്ടുകുട, ശലഭം, ലോകകപ്പ് ക്രിക്കറ്റ് ടീം, എൽഇഡി വിളക്കിൽ തെളിയുന്ന ശിവലിംഗം, എൽഇഡി കുട, നിലകളുള്ള കെട്ടുവിളക്ക് തുടങ്ങിയ ഉയർത്തി.
ശ്രീരാമൻ, ശിവലിംഗം, താമരപ്പൂവിൽ സരസ്വതി, ചിത്രശലഭം, മത്സ്യാവതാരം, ചന്ദ്രയാൻ, സൂര്യകാന്തി, പുതിയകാവ് ഭഗവതി, കുതിര, മയിൽ, ആശ്രാമം കണ്ണൻ തുടങ്ങിയവയാണ് പുതിയകാവ് അവതരിപ്പിച്ചത്. വീണ്ടും ഉദയസൂര്യനെ അവതരിപ്പിച്ച പുതിയകാവ് കൊടിയിറക്കി. ആശ്രാമം ക്ഷേത്ര സന്നിധിയിലെ ആൽത്തറ മേളത്തിനും ആറാട്ടിനു ശേഷം ആശ്രാമം മൈതാനത്തേക്ക് ജില്ല മുഴുവനായി ഒഴുകിയെത്തി. ചെറുപൂരങ്ങളും ജനങ്ങളും മേളസംഘങ്ങും വേണാടിന്റെ പൂര മൈതാനമായ ആശ്രാമത്തേക്ക് എത്തി. കനത്ത സുരക്ഷയിലാണ് പൂരം അരങ്ങേറിയത്.
ഉച്ചയ്ക്കു തന്നെ പൊലീസ് ഉദ്യോഗസ്ഥരെ ആശ്രാമം മൈതാനത്തും അവിടേക്ക് എത്തുന്ന വഴികളിലും വിന്യസിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബാരിക്കേഡ് ഉറപ്പിച്ച് ഗതാഗത നിയന്ത്രണവും പൊലീസ് ഒരുക്കി. പൂരക്കാഴ്ചകള്‍ മനസ്സിൽ നിറച്ച പൂരം പ്രേമികൾ പൂരത്തിനു ശേഷം ആനകൾക്കൊപ്പം ഫോട്ടോ എടുത്താണ് മടങ്ങിയത്, അടുത്ത വർഷമെങ്കിലും മനസ്സിനെ കുളിർപ്പിച്ച് വെടിക്കെട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ.
തിടമ്പേറ്റിയ ഗജവീരൻമാർ
∙തൃക്കടവൂർ ശിവരാജു ആണ് ആശ്രാമം ക്ഷേത്രത്തിലെ തിടമ്പേറ്റിയത്. ആശ്രാമം മൈതാനത്തു പുതിയകാവ് ഭഗവതിയും താമരക്കുളം മഹാഗണപതിയും മുഖാമുഖം നിന്നു നടത്തിയ കുടമാറ്റത്തിൽ 11 ആനകൾവീതം ഇരുപക്ഷത്തും നിരന്നു. കുടമാറ്റത്തിൽ നിരന്ന ഗജവീരന്മാർ:പുതിയകാവ് ക്ഷേത്രം:പുത്തൻകുളം അർജുനൻ (തിടമ്പ്), പുത്തൻകുളം അനന്തകൃഷ്ണൻ, പുത്തൻകുളം അനന്തപത്മനാഭൻ, പുത്തൻകുളം കേശവൻ, ഉണ്ണിമങ്ങാട് കണ്ണൻ, ഉണ്ണിമങ്ങാട് ഗണപതി, പനയ്ക്കൽ നന്ദൻ, പനയ്ക്കൽ നീലകണ്ഠൻ, മരുതൂർ മാണിക്യൻ. താമരക്കുളം മഹാഗണപതി ക്ഷേത്രം: അമ്പാടി ബാലൻ (തിടമ്പ്), പുതുപ്പള്ളി ഗണേശൻ, കുന്നത്തൂർ കുട്ടിക്കൃഷ്ണൻ, വേണാട് ആദികേശവൻ, ചെമ്മാരപ്പടി ഗംഗാധരൻ, വേമ്പനാട് അർജുനൻ, ഗുരുജി ശിവനാരായണൻ, താമരക്കുടി വിജയൻ, തടത്താവിള മണികണ്ഠൻ.