ലോറി ശുദ്ധജലവിതരണ പൈപ്പിന്റെ കുഴിയിൽ പെട്ടു; ഗതാഗതം തടസ്സപ്പെട്ടു

Mail This Article
ഓയൂർ ∙ മണ്ണുമാന്തിയന്ത്രവുമായി എത്തിയ ലോറി ശുദ്ധജല പൈപ്പിന്റെ കുഴിയിൽ പെട്ട് മണിക്കുറുകളോളം ഗതാഗതം തടസ്സപ്പെട്ടു . വെളിയം ദാമോദരൻ സ്മാരക വായനശാലയ്ക്ക് സമീപം ജപ്പാൻ ശുദ്ധജല പൈപ്പ് നന്നാക്കാൻ റോഡിൽ എടുത്ത കുഴിയിലാണ് ലോറി വീണത്. പൈപ്പ് പൊട്ടിയ സ്ഥലം ജല വകുപ്പ് ഉദ്യോഗസ്ഥർ നന്നാക്കിയ ശേഷം മേൽ മണ്ണ് ഇട്ട് മൂടി പോകുകയായിരുന്നു. അപായ സൂചന ബോർഡോ മറ്റ് അടയാളങ്ങൾ ഒന്നും സ്ഥാപിച്ചിരുന്നില്ല. ഇത് അറിയാതെ ഭാരം കയറ്റി വന്ന ലോറിയുടെ വീൽ കുഴിയിൽ പുതയുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വേറെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വലിച്ചാണ് കരയ്ക്ക് കയറ്റിയത്. ജലവിഭവ വകുപ്പിന്റെ അനാസ്ഥമൂലം മിക്കയിടത്തും പ്രധാന റോഡുകൾ പൊളിച്ചു പൂർവ സ്ഥിതിയിൽ ആക്കാതെ ഉപേക്ഷിച്ച നിലയിലാണ്.
ആയൂർ ഇത്തിക്കര പ്രധാന റോഡിൽ അടയറയിൽ പൈപ്പ് ശരിയാക്കാൻ റോഡിന്റെ മധ്യഭാഗം വരെ പൊളിച്ചു പൈപ്പ് ശരിയാക്കിയെങ്കിലും രണ്ട് ദിവസം പിന്നിട്ടപ്പോൾ വീണ്ടും പൊട്ടി. ഉദ്യോഗസ്ഥർ ജലവിതരണം മുടക്കി പൈപ്പ് അടച്ചിരിക്കുകയാണ്. ശുദ്ധജല പൈപ്പുകൾ റോഡിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നു പോകുന്നത്. എന്നാൽ റോഡിന്റെ നവീകരണ പണി തുടങ്ങിയപ്പോൾ പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ റോഡ് പണിയുകയായിരുന്നു. ഫലത്തിൽ ശുദ്ധജലവും ഇല്ല റോഡും ഇല്ലാത്ത അവസ്ഥയാണ്. വൻ അപകടം ഉണ്ടാകുന്ന തരത്തിൽ റോഡിന്റെ മധ്യഭാഗത്ത് കുഴിയും രൂപപ്പെട്ടു. ആ ഭാഗത്തെ മെറ്റലും ഇളകിയ സ്ഥിതിയാണ്. പൈപ്പുകൾ ശരിയാക്കുമ്പോൾ റോഡുകൾ പൂർവ സ്ഥിതിയിലാക്കാതെ കരാറുകാർ പണി ഉപേക്ഷിക്കുകയാണ് പതിവ്.