പുന്നല–കറവൂർ–അലിമുക്ക് റോഡ് നവീകരണം: നാട്ടുകാർക്ക് കിട്ടിയത് ‘മുട്ടൻ’ പണി

Mail This Article
പുന്നല∙ റോഡ് നവീകരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിന് കിട്ടിയത് ഉഗ്രൻ പണി. പത്തനാപുരം–പുന്നല–കറവൂർ–അലിമുക്ക് റോഡ് നിർമാണം പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ പ്രതിഷേധമാണ് കാൽനട യാത്ര പോലും സാധിക്കാത്ത വിധം വിനയായി മാറിയത്. ഒരു മാസത്തോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ നവീകരണം പുനരാരംഭിച്ചതോടെ ആഹ്ലാദത്തിലായിരുന്ന നാട്ടുകാർക്ക് ഇപ്പോഴാണ് അതൊരു ‘പണി’യാണെന്ന് മനസ്സിലായത്. പടയണിപ്പാറ ഭാഗത്ത് കലുങ്ക് നിർമിക്കാനായി കുഴിയെടുത്ത ശേഷം ജോലി ഉപേക്ഷിച്ചതോടെയാണ് നാട്ടുകാർ വെട്ടിലായത്.
നിലവിൽ റോഡിന്റെ ഇരു വശങ്ങളിലായി താമസിക്കുന്നവർക്ക് വാഹന യാത്ര നടത്തണമെങ്കിൽ കിലോമീറ്റുകൾ ചുറ്റണം. ആശുപത്രി ആവശ്യങ്ങൾക്കും മറ്റും ദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.3 വർഷം മുൻപ് നവീകരണം തുടങ്ങിയ റോഡ്, ആദ്യ ഘട്ട നിർമാണം കഴിഞ്ഞപ്പോൾ നിലച്ചു . പ്രതിഷേധം കനത്തതോടെ പലയിടത്തായി കുറച്ചാളുകളെ നിയോഗിച്ച് ചെറിയ രീതിയിൽ നവീകരണം തുടർന്നു. മാസങ്ങൾ പിന്നിട്ടപ്പോൾ അതും നിലച്ചു. കലുങ്കിനും ഓടയ്ക്കും വേണ്ടിയെടുത്ത കുഴികളും റോഡിലെ കുഴികളും കൂടിയതോടെ കാൽനട യാത്ര പോലും അസാധ്യമായി.
ഇതോടെ വീണ്ടും ജനകീയ പ്രതിഷേധം ഉയർന്നു. ഇതിന് ശമിപ്പിക്കാൻ ടാറിങ് നടത്തുമെന്ന പ്രഖ്യാപനം എത്തി. ചിലയിടങ്ങളിൽ ടാറിങ്ങും നടത്തി. മറ്റിടങ്ങൾ വീണ്ടും അതേ പടി തുടർന്നു. മഴ ശക്തമായതോടെ ഈ ഭാഗങ്ങളിലെ ചെറിയ കുഴികൾ ഗർത്തങ്ങളായി . നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വീണ്ടും ‘നവീകരണം’ തുടങ്ങി. പടയണിപ്പാറയിലെ കലുങ്ക് ഉൾപ്പെടെ പലയിടത്തും കലുങ്കിനും ഓടയ്ക്കും വേണ്ടി മണ്ണെടുത്ത് മാറ്റി. ഇതോടെ റോഡിന്റെ ഇരു വശത്തേക്കും യാത്ര അസാധ്യമായി. പടയണിപ്പാറയിൽ ഇരു കരകളിലേക്ക് കാൽനടയായി സഞ്ചരിക്കാൻ ചെറിയ പാലം ഒരുക്കി കൊടുത്തതാണ് അധികൃതരുടെ കാരുണ്യം.