കാടിറങ്ങി വന്യജീവികൾ; കരുണ തേടി നാട്ടുകാർ

Mail This Article
കുളത്തൂപ്പുഴ∙ ചോഴിയക്കോട് മിൽപാലം വനാതിർത്തിയിലെ സ്വകാര്യ പുരയിടത്തിൽ കാട്ടാനകൾക്കു പുറമെ കാട്ടുപോത്തുകളുടെ കൂട്ടവും. രാത്രി കാടുവിട്ടിറങ്ങുന്ന കാട്ടുപോത്തുകൾ വനാതിർത്തി കടന്നു ജനവാസ മേഖലയിൽ തമ്പടിക്കുന്നതിനാൽ നാട്ടുകാർ ഭീതിയിൽ. കല്ലടയാറ്റിലെ വെള്ളം തേടിയെത്തുന്നവ ആറു കടന്നു ജനവാസ മേഖലയിലേക്കു പ്രവേശിക്കുകയാണു പതിവ്. രാത്രി വനാതിർത്തിയിലെ ജനവാസ മേഖലയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണു പരാതി. നേരം പുലർന്നാലും കാടുകയറാത്ത കാട്ടുപോത്തുകൾ ജീവനു ഭീഷണിയായി.
വന്യജീവികൾ വനാതിർത്തി കടന്നു ജനവാസ മേഖലയിലിറങ്ങുക പതിവായിട്ടും നാട്ടുകാരുടെ ഭീതി പരിഹരിക്കാൻ വനംവകുപ്പിന്റെ നടപടികളില്ല. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ തയാറാക്കിയ പദ്ധതി തുടങ്ങാൻ കഴിയാത്തതാണു തിരിച്ചടി. വനാതിർത്തിയിലെ സൗരോർജ വേലികൾ തകർന്നതും കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും കടന്നു വരവിന് ആക്കം കൂട്ടി.

ജനജീവിതത്തിന് ഭീഷണിയായി കാട്ടുപന്നികൾ
പുനലൂർ ∙ നഗരസഭ പ്രദേശത്തെ ശാസ്താംകോണം, നേതാജി, നെടുങ്കയം മേഖലകളിൽ ഒഴിഞ്ഞ ഭാഗങ്ങളിൽ കാട്ടുപന്നികൾ തമ്പടിച്ചിരിക്കുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല ഭാഗത്ത് നിന്ന് മുക്കടവ് പുഴ കടന്നുവരുന്ന ഭാഗം വഴിയുമാണ് കാട്ടുപന്നികൾ നഗരസഭാ പ്രദേശത്തേക്ക് എത്തുന്നതെന്നാണ് വിവരം. ശാസ്താംകോണം കടവ് ഭാഗം വരെ മുൻപ് കാട്ടുപന്നികൾ എത്തിയിരുന്നു. ഈ ഭാഗം വഴി കല്ലടയാർ കടന്നാണ് ഇവിടേക്ക് കാട്ടുപന്നികൾ എത്തുന്നതായാണ് വിവരം.
മൂന്നാഴ്ച മുൻപ് പുനലൂർ ഹൈസ്കൂൾ വാർഡിൽ ജനവാസ മേഖലയിൽ കാട്ടുപന്നി എത്തിയപ്പോൾ നഗരസഭയും വനം വകുപ്പും ഇടപെട്ട് വെടി വച്ച് കൊന്നു. നഗരസഭയിൽ ആർപിഎൽ എസ്റ്റേറ്റിനോട് ചേർന്ന് കിടക്കുന്ന കേളങ്കാവ്, മണിയാർ, അഷ്ടമംഗലം, എരിച്ചിക്കൽ ഭാഗങ്ങളിലും കാട്ടുപന്നിയുടെ ശല്യം പതിവാണ്. വിളക്കുവെട്ടം, പത്തുപറ, അമ്പിക്കോണം, താമരപ്പള്ളി, കലയനാട്, വട്ടപ്പട, പാപ്പന്നൂർ, മേഖലകളിലും വർഷങ്ങളായി കാട്ടുപന്നി ശല്യം ഉണ്ട്. കഴിഞ്ഞ ദിവസം ശാസ്താംകോണം ഭാഗത്ത് റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥൻ ശ്രീകുമാറിന്റെ വീട്ടിലെ സിസിടിവിയിൽ കാട്ടുപന്നിക്കൂട്ടം റോഡിലൂടെ സഞ്ചരിക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു.