പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് ‘ഇരുട്ട്’ നിങ്ങളെ സ്വാഗതം ചെയ്യുന്നു

Mail This Article
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് മാർഗം രാത്രി സമയത്ത് എത്തേണ്ടവർ ഈ ഭാഗത്തു വെളിച്ചം ഇല്ലാത്തതിനാൽ വലയുന്നു. ദേശീയപാതയിൽ ചൗക്ക ഭാഗത്തു നിന്ന് 250 മീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന വഴിയിലാണു തെരുവുവിളക്കുകൾ ഇല്ലാത്തതു കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്നത്. ഇരുട്ടുള്ള സമയത്ത് പാലരുവി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. പുനലൂരിൽ യാത്ര അവസാനിപ്പിക്കുന്ന കന്യാകുമാരി പുനലൂർ ട്രെയിനും. നേരം പുലരും മുൻപ് എത്തുന്ന ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് ട്രെയിനിലും ഒട്ടേറെ യാത്രക്കാരാണ് എത്തുന്നത്.
പട്ടണത്തിലേക്കു പോകുന്നതിനുള്ള വഴിയിലാണ് അധികൃതർ വെളിച്ചം ക്രമീകരിക്കാത്തത്. സമീപത്തു വൻതോതിൽ കാടുപിടിച്ചു കിടക്കുകയുമാണ്. കഴിഞ്ഞമാസം റെയിൽവേ പ്ലാറ്റ്ഫോമിൽ 13കാരിക്കു പാമ്പുകടിയേറ്റിരുന്നു.കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷനിൽ ഒരു മൂർഖൻ പാമ്പിനെ പിടികൂടുകയും ചെയ്തു. എന്നിട്ടും റെയിൽവേ സ്റ്റേഷൻ പരിസരത്തു വെളിച്ചം ഒരുക്കാത്ത നടപടിക്കെതിരെ പ്രതിഷേധം പുകയുകയാണ്. സമീപത്താണ് കിഴക്കൻമേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യഗോഡൗണും സ്ഥിതി ചെയ്യുന്നത്.