ഇഎസ്ഐ ഡിസ്പെൻസറി: കെട്ടിടം നിർമിക്കാൻ സ്ഥലം നൽകുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം നടപ്പായില്ല

Mail This Article
കടയ്ക്കൽ ∙ ഇഎസ്ഐ ഡിസ്പെൻസറിക്കു കെട്ടിടം നിർമിക്കാൻ വസ്തു വാങ്ങി നൽകുമെന്ന കടയ്ക്കൽ പഞ്ചായത്തിന്റെ വാഗ്ദാനം നടപ്പാകാത്തതിനാൽ ആശുപത്രി വാടകക്കെട്ടിടത്തിൽ തുടരുന്നു. വർഷങ്ങളായി എറ്റിൻകടവിൽ വാടക കെട്ടിടത്തിൽ ആണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. സ്ഥലം ലഭ്യമായാൽ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്തുന്നതിനു ശുപാർശ നടത്തുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉറപ്പുനൽകിയിരുന്നു. നിലവിലുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യ ഘട്ടത്തിൽ ഇഎസ്ഐ ഡിസ്പെൻസറിക്കു കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങി നൽകുമെന്ന് ബജറ്റിലൂടെ പ്രഖ്യാപനം നടത്തി.
എന്നാൽ, നിലവിലുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാൻ ഏതാനും മാസം ഉള്ളപ്പോഴും ഇക്കാര്യത്തിൽ ഒരു തുടർനടപടിയും ഇല്ലാത്തതു പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആദ്യം കടയ്ക്കൽ ആറ്റുപുറത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇഎസ്ഐ ഡിസ്പെൻസറി പിന്നീട് എറ്റിൻകടവിലുള്ള കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. വർഷങ്ങളായി ഇവിടെ ആണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ദിവസം നൂറുകണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഈ കെട്ടിടത്തിനുള്ളിൽ ഇട കുറവുമാണ്.