കൂലി ലഭിക്കുന്നില്ല; നെയ്ത്തുതൊഴിലാളികൾ പ്രതിസന്ധിയിൽ

Mail This Article
കരുനാഗപ്പള്ളി ∙ കൈത്തറി വികസന കോർപറേഷന്റെ (ഹാൻവീവ്) കീഴിൽ ജോലി ചെയ്യുന്ന കൈത്തറി നെയ്ത്തു തൊഴിലാളികൾക്ക് 5 മാസമായി കൂലി ലഭിക്കുന്നില്ല. മരുതൂർകുളങ്ങര തെക്ക് പാലമൂട് സെന്ററിലെ അറുപതിലധികം തൊഴിലാളികൾക്കാണ് കൂലി ലഭിക്കാത്തത്. സ്കൂൾ കുട്ടികളുടെ യൂണിഫോം തുണികളാണ് ഇവർ നെയ്യുന്നത്. 5 മാസമായി തുണി നെയ്ത് നൽകുന്നുണ്ടെങ്കിലും കൂലി ലഭിക്കുന്നില്ല.ഒരു മീറ്റർ തുണി നെയ്യുന്ന തൊഴിലാളികൾക്ക് 100 രൂപയാണ് കൂലി. ഒരു തറി പ്രവർത്തിപ്പിക്കണമെങ്കിൽ 3 തൊഴിലാളികളുടെ സഹായം വേണം. ആഴ്ചയിൽ 35 മീറ്റർ തുണി നെയ്യുന്ന തൊഴിലാളികൾക്ക് 1000 രൂപ ഇൻസെന്റീവ് കിട്ടുമായിരുന്നു. എന്നാൽ 6 വർഷമായി ഇൻസെന്റീവ് ലഭിക്കുന്നില്ല. കൂലി കൂടി കിട്ടാതെ വന്നതോടെ ഇവരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. തൊഴിലാളികൾക്ക് മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണെന്നു താലൂക്ക് സെക്രട്ടറി തുണ്ടിൽ സുധാകരൻ പറഞ്ഞു. സർക്കാർ ഇടപെട്ട് കൂലി ലഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.