‘ഐടി രംഗത്ത് കൊട്ടാരക്കര പ്രധാന കേന്ദ്രമാകും’: മന്ത്രി

Mail This Article
കൊട്ടാരക്കര∙ഐടി രംഗത്ത് കൊട്ടാരക്കര പ്രധാന കേന്ദ്രമാകുമെന്നും പുതിയതായി ആരംഭിക്കുന്ന ഐടി പാർക്കുകളും വർക്ക് നിയർ ഹോം പദ്ധതിയുമെല്ലാം തൊഴിലിനൊപ്പം പുതുതലമുറയുടെ നൈപുണ്യവികസനം ഉറപ്പാക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. എഐ മേഖലയിൽ ഉയർന്നു വരുന്ന പുതിയ സാധ്യതകളും, മാറുന്ന തൊഴിൽ സാഹചര്യങ്ങളും നൈതിക വിഷയങ്ങളും വിദ്യാർഥികൾക്കായി അവതരിപ്പിച്ച് കൊട്ടാരക്കരയിൽ നടന്ന വിദ്യാഭ്യാസ കോൺക്ലേവ് 'ഡിസൈർ 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദേശം നൽകാൻ നിർമിതബുദ്ധി സാങ്കേതികവിദ്യ പോലെയുള്ള സംവിധാനങ്ങൾ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ ശക്തിപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയിൽ നിപുണരായ യുവതയുടെ സേവനം പ്രയോജനപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു. വിദഗ്‌ധർ വിദ്യാർഥികളുമായി സംവദിക്കുന്ന ഒൻപതു സെഷനുകളാണ് കോൺക്ലേവിൽ ഒരുക്കിയത്.
ഡോ. അച്യുത്ശങ്കർ എസ്.നായർ, രമ്യ ഗിരിജ, അമർ രാജൻ, ഡോ. അരുൺ സുരേന്ദ്രൻ, കെ.എൻ.ഷിബു, ശങ്കരി ഉണ്ണിത്താൻ, നിസാറി മഹേഷ്, ഒ.യു.ശ്രീക്കുട്ടി, കുക്കു പരമേശ്വരൻ എന്നിവർ വിദ്യാർഥികളോട് സംവദിച്ചു. നിയോജകമണ്ഡലത്തിലെ 32 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.കൊട്ടാരക്കര നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണമേനോൻ, ഡോ. എസ്.അയൂബ്, അനൂപ് പി.അംബിക, കെ.ഐ.ലാൽ,അമൃത, ആർ. പ്രദീപ്,ശശിധരൻ പിള്ള, ജി. കെ. ഹരികുമാർ, സന്ദീപ് എന്നിവർ പങ്കെടുത്തു.