ADVERTISEMENT

കൊല്ലം∙ തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്ന മെയിൻ സെൻട്രൽ (എംസി) റോഡ് ഇന്ന് അപകടങ്ങളുടെ ദുരന്ത ഭൂമിയായി മാറി. ഈ വർഷം എംസി റോ‍ഡിലെ അപകടങ്ങളിൽ ജില്ലയിൽ മരിച്ചത് 19 പേരാണ്. സുരക്ഷിത ഇടനാഴിയായി പ്രഖ്യാപിച്ച ശേഷം മൂന്ന് വർഷത്തിനുള്ളിൽ എംസി റോഡിലെ‍ കൊട്ടാരക്കര, ചടയമംഗലം, പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പേർ 422 അപകടങ്ങളിൽ 46 പേർ മരിച്ചു. പരുക്കേറ്റവരുടെ എണ്ണം 442. അമിതവേഗത്തിൽ അശ്രദ്ധയായി വണ്ടിയോടിക്കുന്നവർ മുതൽ ഈ മേഖലയിലെ ചുമതലപ്പെട്ട ഓരോ ഉദ്യോസ്ഥരും ഇതിൽ കുറ്റക്കാരല്ലേ? കെഎസ്ടിപി നിർമിച്ച നാലു വരിപ്പാതയിൽ അപകടം കുറയ്ക്കാൻ വെള്ളയും മഞ്ഞയും കൂടാതെ സിഗ്സാഗ് വരകൾ വരെയുണ്ട്. എന്നിട്ടും അപകടങ്ങൾ കുറയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. സീബ്രാലൈനുകള്‍ എന്തിനെന്നു പോലും അറിയാതെയാണ് ഈ മേഖലയിലെ ഡ്രൈവർമാർ വാഹനം ഓടിക്കുന്നത്. നിയമം ലംഘിക്കുന്നവരെ കുരുക്കിട്ടു പിടിക്കേണ്ടവർ തീവ്ര ഉറക്കത്തിലും.

മുഖം മിനുക്കി; കുറയാതെ അപകടങ്ങൾ
റോഡിലുടനീളം വരകൾ വരച്ച് റിഫ്ലക്ടർ സ്ഥാപിച്ചു എന്നല്ലാതെ പ്രധാന സുരക്ഷാ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർ ഗുരുതര വീഴ്ച വരുത്തി. കൊടുംവളവുകൾ ഒഴിവാക്കണമെന്നായിരുന്നു പ്രധാന നിർദേശം. പക്ഷേ നടന്നില്ല. രാത്രിയിൽ എല്ലായിടത്തും തെരുവുവിളക്കുകൾ തെളിക്കണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നു ബസ് സ്റ്റോപ്പുകൾ മാറ്റണമെന്നും നിർദേശം ഉണ്ടായിരുന്നു. അതും നടപ്പാക്കിയില്ല.എംസി റോഡിൽ നിലമേലിനും ഏനാത്തിനും മധ്യേ 15 അപകടമേഖലകളാണ് ഉള്ളത്. മിക്കതും അപായ വളവുകൾ. എല്ലായിടങ്ങളും ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് മോട്ടർ വാഹന വകുപ്പ് തയാറാക്കി‌യ മാപ്പിലാണ് 40 കിലോ മീറ്ററോളം ദൂരത്തിൽ അപകടമേഖലകൾ തിരിച്ചറിഞ്ഞത്. പനവേലി മഞ്ചാടിപ്പണ, പുലമൺ, കുളക്കട, ആയൂർ, കൊട്ടാരക്കര,  കുന്നക്കര, മൈലം, നിലമേൽ, ചടയമംഗലം, ഇഞ്ചക്കാട്, വാളകം, കലയപുരം, വയയ്ക്കൽ, കരിക്കം, കുര്യോട്, സദാനന്ദപുരം എന്നിവയാണ് പ്രധാന അപകടമേഖലകൾ.അപകടങ്ങളിൽപ്പെടുന്നവരുടെ ചികിത്സയ്ക്കും മതിയായ സംവിധാനമില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ട്രോമാ കെയർ യൂണിറ്റും ഉപകരണങ്ങളും ഉണ്ടെങ്കിലും ഡോക്ടർമാരില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളെ റഫർ ചെയ്യുന്ന ആശുപത്രിയായാണ് മിക്കപ്പോഴും പ്രവർത്തിക്കുന്നത്. 

വെളിച്ചമില്ലാത്തത് ദുഃഖമാകുന്നു
രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച എംസി റോഡിൽ രാത്രിയിൽ വെളിച്ചമില്ല. ഇരുട്ടിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പോലും കാണാനാകുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. കഴിഞ്ഞ ദിവസം ടിപ്പർ ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഡ്രൈവർ ഉമ്മന്നൂർ അമ്പലക്കര പട്ടേരി മണി മന്ദിരത്തിൽ എസ്. ബിനു(44)വിന്റെ ജീവൻ നഷ്ടമായി. ഭാര്യ ലതികദേവിയും മക്കളായ അതുലും അമൃതും ഉൾപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു ബിനു.എംസി റോഡിൽ സമാനമായ മൂന്ന് അപകടമരണങ്ങളാണ് കഴിഞ്ഞിടെയുണ്ടായത്. തെരുവുവിളക്കുകൾ‌ കത്തിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് പുല്ലുവിലയാണ്. കെഎസ്ടിപിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള വടംവലി കാരണം മൂന്ന് വർ‌ഷത്തിലേറേയായി എംസി റോ‍ഡ് ഇരുട്ടിലാണ്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് എംസി റോഡിൽ കോടികൾ ചെലവഴിച്ച് നടത്തിയതെന്നാണ് വിമർശനം. അപകടങ്ങൾ കുറയ്ക്കാൻ സുരക്ഷിത ഇടനാഴി സ്ഥാപിക്കണമെന്ന നിർദേശം‍ അടങ്ങിയ പഠന റിപ്പോർട്ട് 2019ൽ കെഎസ്ടിപിയ്ക്കും സർക്കാരിനും കൺസൽറ്റന്റ് കമ്പനി നൽകിയിരുന്നു. തുടർന്ന് ലോകബാങ്കിൽ നിന്നു 160 കോടി രൂപ വായ്പയായി സ്വീകരിച്ച് നിർമാണവും നടത്തി. പക്ഷേ അപകടങ്ങൾക്ക് മാത്രം കുറവില്ല. 

കുളക്കടയിൽ സുരക്ഷയില്ല
സ്ഥിരം അപകടമേഖലയായ കുളക്കട എംസി റോഡിലെ സുരക്ഷാ ക്രമീകരണങ്ങളും പാളി. അപകടങ്ങൾക്ക് ഇപ്പോഴും കുറവൊന്നുമില്ല. കുളക്കടയിൽ ഈ വർഷം മാത്രം ഇതുവരെ രണ്ട് അപകടങ്ങളിൽ 2 പേർ മരിച്ചു. കുളക്കട സ്വദേശിയും കോട്ടാത്തല സ്വദേശിയുമാണ് മരിച്ചത്. വിവിധ അപകടങ്ങളിൽ പരുക്കേറ്റവർ വേറെയും. അപകടങ്ങൾ തുടർക്കഥയായതോടെ 2022 അവസാനമാണ് ഇവിടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയത്. ലക്ഷം വീട് ജംക്‌ഷനു സമീപത്തു നിന്ന് ആലപ്പാട്ട് ക്ഷേത്രത്തിനു മുന്നിലെ കൊടുംവളവ് പിന്നിടുന്ന ഭാഗം വരെ 1.1 കി.മീ ദൂരത്തിലാണ് പരിഷ്കരണങ്ങൾ നടപ്പാക്കിയത്. റോഡ് മാർക്കിങ്ങുകൾ, കൂടുതൽ സൈൻ ബോർഡുകൾ, വേഗ നിയന്ത്രണത്തിന് ഹംപുകളും റംപിൾ സ്ട്രിപ്പുകളും, ഫ്ലെക്സിബ്ൾ സ്പ്രിങ് പോസ്റ്റുകൾ തുടങ്ങിയവയാണ് ഒരുക്കിയത്.ആലപ്പാട് ദേവീ ക്ഷേത്രത്തിനു മുന്നിലെ കൊടുംവളവ് ഉൾപ്പെടുന്ന ഭാഗത്ത് ഗതാഗതം രണ്ടുവരിയായി ക്രമീകരിക്കുന്നതിന് 240 ഫ്ലെക്സിബിൾ സ്പ്രിങ് പോസ്റ്റുകളാണ് സ്ഥാപിച്ചത്. ഇതിലൊന്നു പോലും ഇപ്പോൾ ബാക്കിയില്ല. എല്ലാം വാഹനങ്ങൾ ഇടിച്ച് അകാലചരമമടഞ്ഞു. പുതിയവ സ്ഥാപിക്കാൻ നടപടി ഉണ്ടായുമില്ല. നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്. ഇപ്പോൾ പഠനവുമില്ല, പരിഷ്കരണവുമില്ല, അപകടങ്ങൾക്കു യാതൊരു കുറവുമില്ല എന്നാണു നാട്ടുകാരുടെ അഭിപ്രായം.

വാഗ്ദാനം മാത്രം; നടപടിയില്ല
എംസി റോഡിൽ അപകടം കുറയ്ക്കാൻ വേണ്ടിയുള്ള മാർഗം കണ്ടെത്താൻ മന്ത്രി ജെ.ചിഞ്ചു റാണിയുടെ സാന്നിധ്യത്തിൽ പൊലീസ്, ആർടിഒ, കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും യോഗം ചടയമംഗലത്ത് കൂടി. അപകട മേഖലയിൽ ആവശ്യമായ അടയാള ബോർഡുകൾ സ്ഥാപിക്കാനും റോഡ് നവീകരണത്തിലെ പാളിച്ചകൾ കണ്ടെത്തി പരിഹരിക്കാനും അമിത വേഗം കുറയ്ക്കാൻ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയും ഉദ്യോഗസ്ഥരും നിലമേൽ കണ്ണങ്കോട് മുതൽ ആയൂർ വരെ സ്ഥലങ്ങൾ സന്ദർശിച്ചു. അപകടമേഖല കണ്ടെത്തിയെങ്കിലും നടപടി കടലാസിൽ ഒതുങ്ങി. നിലമേൽ ജംക്‌ഷനിൽ അപകടം ഒഴിവാക്കാൻ കെഎസ്ടിപി ഒന്നും ചെയ്തില്ല എന്നാണ് പരാതി. പുതുശ്ശേരിയിൽ റോഡിൽ കേബിൾ ഇടാൻ കുഴിച്ച കുഴി സമയബന്ധിതമായി മൂടിയില്ല. ഇവിടെ ഏറെ അപകടം നടന്നു. സംഭവം വാർത്തയായതോടെയാണ് കുഴി മൂടാൻ തയാറായത്. ‌

മാർക്കിങ് എന്തിനു വേണ്ടി
റോഡിലെ മാർക്കിങ്ങുകൾ മുഖവിലയ്ക്കെടുക്കാതെയാണ് മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത്. വളവുകളിൽ പോലും ഓവർടേക്കിങ് നടക്കുന്നു. ആയൂർ ടൗണിലെ പ്രധാന ഭാഗങ്ങളിൽ കാൽനട യാത്രക്കാർക്കായി സീബ്രാലൈനുകൾ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ടൗൺ ഭാഗങ്ങളിലെ വാഹന പാർക്കിങ്ങുകളും അപകടങ്ങൾക്കു കാരണമാകുന്നു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഭൂരിഭാഗം വാഹനങ്ങളും എംസി റോഡു വഴിയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഇതുമൂലം എംസി റോഡിൽ വാഹനത്തിരക്ക് അതിരൂക്ഷമാണ്. അവധി ദിവസങ്ങളിലാണ് തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. തിരക്കുള്ള റോഡിൽ അലക്ഷ്യമായി വാഹനങ്ങളെ മറി കടക്കുന്നതും അപകടങ്ങൾക്കു ഇടയാക്കുന്നു.

അൻസു എന്ന നൊമ്പരം
കാരുവേലിലെ കോളജിൽ അഭിമുഖത്തിന് എത്തിയ ഇടുക്കി കെ–ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേൽ അൻസു ട്രീസ ആന്റണി (25) റോഡ് അപകടത്തിൽ മരിച്ചിട്ട് ഒന്നര വർഷമായി. സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ചു കടന്നപ്പോഴാണ് അൻസുവിനെ വേഗത്തിൽ എത്തിയ കാറിടിച്ചത്. എംസി റോഡിൽ കുളക്കട ജംക്‌ഷനിലെ സീബ്ര ലൈനിൽ 2023 ഒക്ടോബർ 25ന് രാവിലെ 7ന് ആയിരുന്നു സംഭവം. കാർ ഡ്രൈവർ പത്തനംതിട്ട ചെന്നീർക്കര മുട്ടത്തുകോണം നീലകിലേത്തു വീട്ടിൽ ജയകുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ പൊലീസ് അന്വേഷിച്ച കേസിൽ കൊട്ടാരക്കര ജെഎഫ്എംസി കോടതി രണ്ടിൽ കഴിഞ്ഞ വർഷം ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. സെക്‌ഷൻ 304 പ്രകാരമാണു കേസ്. മന:പൂർവമായ നരഹത്യയ്ക്കാണു കേസ് ചാർജ് ചെയ്തിരിക്കുന്നത്. പക്ഷേ കോടതി ഇതുവരെ കേസ് വിളിച്ചിട്ടില്ല.‌‌കാരുവേലിലെ കോളജിൽ പോകാൻ എത്തിയ അൻസു പുത്തൂർമുക്കിൽ ഇറങ്ങേണ്ടതിനു പകരം വഴി തെറ്റി കുളക്കടയിൽ ഇറങ്ങുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറോടു വഴി ചോദിച്ചു മനസ്സിലാക്കി റോഡു മുറിച്ചു കടക്കുമ്പോഴാണ് അൻസുവിനെ കാർ ഇടിച്ചു വീഴ്ത്തിയത്.

English Summary:

MC Road accidents in Kollam are alarmingly high despite safety measures. The lack of streetlights, inadequate medical facilities, and unchecked speeding contribute to the persistent danger.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com