യോദ്ധാക്കൾ അങ്കം കുറിച്ചു; ഓച്ചിറക്കളിക്ക് തുടക്കമായി

Mail This Article
ഓച്ചിറ∙ രണസ്മരണകൾ പുതുക്കി പരബ്രഹ്മ ഭൂമിയിലെ അങ്കത്തട്ടിൽ യോദ്ധാക്കൾ അങ്കം കുറിച്ചതോടെ ഓച്ചിറക്കളിക്ക് തുടക്കം. ശക്തമായ മഴയിലും പടനിലത്ത് പോരാട്ട വീര്യം ചോരാതെ യോദ്ധാക്കൾ ആചാരങ്ങളോടെ അങ്കത്തട്ടിലെത്തി. ഇന്നാണ് നേർക്കുനേർ പോരാട്ടം.വിവിധ കളരി സംഘങ്ങളുടെ കളരിപ്പയറ്റ് പ്രദർശനവും ഇന്നു പടനിലത്ത് ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ദീപം തെളിച്ചു. കാളച്ചന്തയും കാർഷിക പ്രദർശനവും നാളെ മുതൽ 19 വരെ നടക്കും.ഇന്നലെ രാവിലെ മുതൽ പ്രത്യേക വേഷങ്ങളോടെ കളി സംഘങ്ങൾ ആയുധങ്ങളേന്തി ഘോഷയാത്രയായി പടനിലത്തെത്തി പരബ്രഹ്മത്തെ വണങ്ങിയ ശേഷം കാഴ്ചക്കളി നടത്തി. തുടർന്ന് ശംഖനാദം മുഴങ്ങി. പടത്തലവൻ കൊറ്റമ്പള്ളി ശിവരാമനും മറ്റു പടത്തലവൻമാർക്കും ജസ്റ്റിസ് കെ.രാമകൃഷ്ണനും റിട്ട. ജില്ലാ ജഡ്ജി എം.എസ്.മോഹന ചന്ദ്രനും ചേർന്ന് ധ്വജം കൈമാറിയതോടെ കരഘോഷയാത്ര ആരംഭിച്ചു.
കൊടിയേന്തിയ യോദ്ധാക്കളും കരനാഥൻമാരും വാദ്യമേളങ്ങളും ഋഷഭവീരന്മാരുടെ അകമ്പടിയോടെ ആൽത്തറകൾ, എട്ടുകണ്ടം, ഓണ്ടിക്കാവ്, തകിടികണ്ടം, ഗണപതി ആൽത്തറ എന്നിവിടങ്ങളിൽ പ്രദക്ഷിണം നടത്തിയ ശേഷം കിഴക്ക് പടിഞ്ഞാറ് രണ്ട് കരകളായി പിരിഞ്ഞ് എട്ടുകണ്ടത്തിന്റെ കിഴക്ക്, പടിഞ്ഞാറ് കരകളിൽ അണിനിരന്ന് കരക്കളി നടത്തി.ശക്തമായ മഴയെത്തുടർന്ന് കരക്കളി ആചാരം മാത്രമാക്കി.തുടർന്ന് കരനാഥന്മാരും പടത്തലവന്മാരും കര പറഞ്ഞു ഹസ്തദാനം നടത്തി അങ്കം കുറിച്ചു. ഇതോടെ കരയിലെ വിവിധ വശങ്ങളിൽ നിന്നു യോദ്ധാക്കൾ എട്ടുകണ്ടത്തിലെത്തി പോരാട്ടം നടത്തി. തുടർന്ന് തകിടികണ്ടത്തിലെയും പോരാട്ടത്തിനു ശേഷം ക്ഷേത്രക്കുളത്തിൽ സ്നാനം നടത്തിയാണ് അവർ മടങ്ങിയത്. ഇന്നും സമാന ചടങ്ങുകളോടെ ഓച്ചിറക്കളി നടക്കും.വിഭവസമൃദ്ധമായ സദ്യ ഇന്നുമുണ്ടാകും.