ADVERTISEMENT

കോട്ടയം ∙ നഗരത്തിലെ സന്ധ്യയ്ക്ക് മിഴിവേകി  വിസ്മയത്തിന്റെ കളിക്കൂട്ടിലേക്ക് സന്ദർശക തിരക്ക്. നാഗമ്പടം മുനിസിപ്പൽ നെഹ്റു പാർക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വാദന ഇടമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം തുറന്ന പാർക്കിലേക്ക് കുടുംബസമേതമാണ് സന്ദർശകർ എത്തുന്നത്. 

പാർക്കിന്റെ മുഖ്യകവാടത്തിൽ നിന്നു നേരെ ചെല്ലുന്നത് ബഹുരൂപി ശിൽപ സമുച്ചയത്തിലേക്കാണ്. ഇവിടെ നിന്നു പിന്നെ പാർക്കിന്റെ വിവിധ മേഖലകളിലേക്ക് മോടി പിടിപ്പിച്ച നടവഴി. വഴികൾ ചെന്നെത്തുന്നത് കുട്ടികൾക്കുള്ള കളി ഉപകരണങ്ങളാണ് സ്‌ഥാപിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്കാണ്. എല്ലാം രാജ്യാന്തര നിലവാരത്തിലുള്ളവ തന്നെ. 

മൂന്നര ഏക്കറിലാണ് വിശാലമായ പാർക്ക് ഒരുക്കിയിരിക്കുന്നത്. കുര്യൻ ഉതുപ്പ് റോഡിൽ പാർക്കിന്റെ മോടിക്ക് അനുസരിച്ച് പുതിയ പ്രവേശന കവാടവും ഒരുക്കി. ഇതിനു സമീപം തന്നെയാണ് ടിക്കറ്റ് കൗണ്ടർ. പാർക്കിനുള്ളിൽ നല്ല രീതിയിൽ വൈദ്യുതി അലങ്കാരങ്ങളും ക്രമീകരിച്ചതോടെ വെളിച്ചത്തിന്റെ മനോഹാരിതയിൽ രാത്രിയിൽ പാർക്കിനു പ്രൗഢിയേറും. 

മൾട്ടി ഫൺ സ്റ്റേഷൻ, മൾട്ടി ഫിറ്റ്നസ് സ്റ്റേഷൻ എന്നിവയെല്ലാം ഇതിനോടകം കുട്ടികളുടെ ഹരമായി കഴിഞ്ഞു. മിനി ഓപ്പൺ എയർ തിയറ്ററും ആംഫി തിയറ്ററും എല്ലാം ഇനി വരും ദിവസങ്ങളിൽ സജീവമാകും. ഇതോടെ ഉല്ലാസവേളകൾക്ക് കൗതുകമേറും. 

പാർക്ക് രൂപകൽപന ചെയ്ത ഏജൻസിയും കളിപ്പാട്ടങ്ങൾ ഘടിപ്പിച്ച ഏജൻസിയും വരും ദിവസങ്ങളിൽ പാർക്ക് സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങളുടെ അവലോകനം നടത്തും. ഇതിനുശേഷം കൂടുതൽ    ഒരുക്കങ്ങൾ വേണമെങ്കിൽ ചെയ്യുമെന്നും അധികൃതർ പറഞ്ഞു. പാർക്കിൽ 31 വരെ പ്രവേശനം സൗജന്യമാണ്.

പ്രവർത്തന സമയം : എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 8 വരെ.

പ്രവേശന ഫീസ് : 5 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് 10 രൂപ. മുതിർന്നവർക്ക് 20 രൂപ. 

31 വരെ പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com