ADVERTISEMENT

കോട്ടയം ∙കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രനു മുന്നിൽ സുമേഷിനെ നിർത്തി സുധ പറഞ്ഞു, ‘കാണാതായ പൊന്നാണിത്. ഇവനെ തിരിച്ചു തന്നത് അങ്ങാണ്. ഒരിക്കലും മറക്കില്ല.’ കേട്ടു മാത്രം പരിചയമുള്ള ആ പൊലീസുദ്യോഗസ്ഥനെ കൺനിറയെ കാണുകയായിരുന്നു സുമേഷ്. കോട്ടയം തിരുനക്കര കാരൂർ വീട്ടിൽ നടന്ന കൂടിക്കാഴ്ചയ്ക്കായി മൂന്നുപേരും കാത്തിരുന്നതു 32 വർഷം. ആറുമാസം പ്രായമുള്ളപ്പോൾ 1987ൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നു മോഷ്ടിക്കപ്പെട്ട കുഞ്ഞാണു സുമേഷ്.  അന്നു പൊൻകുന്നം എസ്ഐയായിരുന്ന എൻ. രാമചന്ദ്രന്റെ അന്വേഷണത്തിലാണ് രണ്ടാം ദിവസം തന്നെ  കുഞ്ഞിനെ കണ്ടെത്തിയത്.   

അമേരിക്കയിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് 

അമേരിക്കയിൽ സാൻ ഡീഗോ ആശുപത്രിയിൽ നിന്ന് ഒരു കുഞ്ഞിനെ മോഷ്ടിച്ച സംഭവം ഈയിടെ വായിച്ചപ്പോഴാണ് പണ്ടത്തെ കുഞ്ഞിനെ രാമചന്ദ്രന് ഓർമ വന്നത്. ആ കുട്ടി എവിടെയുണ്ടെന്നായി അതോടെ ചിന്ത. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ സഹായം തേടി. പൊലീസ് അന്വേഷണം ചെറുവള്ളി ബാവലുപറമ്പിൽ വീട്ടിലെത്തി.

അങ്ങനെ രാമചന്ദ്രനെ കാണാൻ 32 വർഷത്തിനു ശേഷം സുമേഷുമായി സുധ കാരൂർ എത്തി. ഈ സംഗമം  പുതുവർഷ സമ്മാനമായി. വൈദ്യുതിമുടക്കത്തിനിടെയാണ് അന്നു കു‍ഞ്ഞിനെ കാണാതായത്. കരിങ്കുന്നം സ്വദേശികളായ ബാലനും രാധാമണിയുമായിരുന്നു പ്രതികൾ.  താൻ ഗർഭിണിയാണെന്നു പറഞ്ഞു രാധാമണി മറ്റൊരാളിൽ നിന്നു പണം വാങ്ങിയിരുന്നു. പ്രസവിച്ചുവെന്നു കാണിച്ചു കൂടുതൽ പണം വാങ്ങാനായിരുന്നു മോഷണം– രാമചന്ദ്രൻ പറഞ്ഞു.‌

കുഞ്ഞിനു കുടിക്കാൻ പൈപ്പുവെള്ളം!

‘രാധാമണി കു‍ഞ്ഞിന്റെ ചുണ്ടിൽ പൈപ്പുവെള്ളം ഇറ്റിക്കുന്നതു കണ്ട ഹോട്ടൽ ജീവനക്കാരൻ ജബ്ബാറിനു സംശയം തോന്നിയതാണു തുണയായത്. സ്വന്തം കുഞ്ഞിന് ആരെങ്കിലും പൈപ്പുവെള്ളം കൊടുക്കുമോ? ബസു കയറിയ രാധാമണിയും ബാലനും കരിങ്കുന്നത്ത് ഇറങ്ങിയെന്ന് അറിഞ്ഞു. അങ്ങനെ ഇവനെ കണ്ടെത്തി– സുമേഷിന്റെ കൈയിൽ പിടിച്ച് രാമചന്ദ്രൻ പറഞ്ഞു. നീതുവാണു സുമേഷിന്റെ ഭാര്യ.  സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ കൊച്ചുമകനാണ് എൻ. രാമചന്ദ്രൻ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com