ADVERTISEMENT

കോട്ടയം ∙ മുത്തൂറ്റ് ഫിനാ‍ൻസിന്റെ 3 ശാഖകളിലെ വനിതാ ജീവനക്കാർക്കു നേരെ സിഐടിയുവിന്റെ മുട്ടയേറും അസഭ്യവർഷവും. 3 ശാഖകളിൽ ജോലി നോക്കുന്ന 12 ജീവനക്കാരാണ് അതിക്രമത്തിന് ഇരയായത്.  കോട്ടയം  ടിബി റോഡിലെ ക്രൗൺപ്ലാസയിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഇൻഷുറൻസ് ഓഫിസ്, ബേക്കർ ജംക്‌ഷൻ, ഇല്ലിക്കൽ എന്നീ മുത്തൂറ്റ് ശാഖകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. എല്ലായിടത്തും ഒരേസമയം  കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നെന്നു കാണിച്ചു സ്ഥാപന അധികൃതർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. ബേക്കർ ജംക്‌ഷനിൽ പൊലീസ് നോക്കി നിൽക്കെയാണ് അക്രമം. മുട്ട ജീവനക്കാരികളുടെ ദേഹത്തും വസ്ത്രങ്ങളിലും വീണു. ഇവിടെ ഒരാളെ അറസ്റ്റ് ചെയ്തു.  ഇല്ലിക്കലിൽ ഓഫിസ് തുറക്കാനെത്തിയവരെ തടഞ്ഞതിനാണു രണ്ടു പേരെ അറസ്റ്റ് ചെയ്തത്. അജയൻ, കരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സിഐടിയു പ്രവർത്തകരാണെന്നു പൊലീസ് പറ‍ഞ്ഞു. 

ഓഫിസുകൾക്കു മുന്നിൽ രാവിലെ എട്ടോടെ തമ്പടിച്ച സമര അനുകൂലികൾ ഷട്ടറുകൾ വേഗം തുറക്കാതിതരിക്കാൻ താഴുകളിൽ പശ തേച്ച് പിടിപ്പിച്ചിരുന്നു. കൂടാതെ ഷട്ടറുകൾക്ക് മുകളിൽ കുപ്പികൾ നിരത്തിവയ്ക്കുകയും ചെയ്തു. ഷട്ടറുകൾ ഉയർത്തുമ്പോൾ കുപ്പികൾ വീണ് പരുക്കേൽക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നു ജീവനക്കാർ പറഞ്ഞു.  കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ പെരുമാറിയിരുന്നു. ഇതിനാൽ ഇന്നലെ ബേക്കർ ജംക്‌ഷനിലെ ഓഫിസിനു മുന്നിൽ എത്തിയ വനിതാ ജീവനക്കാർ സംശയം തോന്നി സംഭവങ്ങൾ വിഡിയോയിൽ പകർത്തിയിരുന്നു. ഇതു സഹിതമാണ് പരാതി നൽകിയത്. 

ഹൈക്കോടതി ഉത്തരവിനെ തുടർന്നു കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണത്തിലാണ് മിക്കയിടത്തും ഓഫിസ് പ്രവർത്തിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ബാങ്കിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചീമുട്ടയേറ് സംഭവം ബോധ്യപ്പെടുത്തുകയും ചെയ്തതായി മുത്തൂറ്റ് അധികൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com