ADVERTISEMENT

കോട്ടയം∙ എസ്എഫ്ഐക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മോഡൽ പ്രതിഷേധവുമായി സിഎംഎസ് കോളജ് വിദ്യാർഥികൾ. എസ്എഫ്ഐ നേതാക്കൾ ക്യാംപസിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ അനുഭാവികളടക്കമുള്ള വിദ്യാർഥികൾ കക്ഷിരാഷ്ട്രീയം മാറ്റിവച്ച് ഒന്നിച്ചത്. കോളജിൽ കയറാനെത്തിയ എസ്എഫ്ഐ നേതാക്കളെ ഗേറ്റിനു മുന്നിൽ വിദ്യാർഥികൾ സംഘടിച്ചു തടഞ്ഞു.

എസ്എഫ്ഐ പ്രവർത്തക പൊലീസിനോട് അകത്തേക്ക് കടത്തിവിടാൻ ആവശ്യപ്പെടുന്നു.
എസ്എഫ്ഐ പ്രവർത്തക പൊലീസിനോട് അകത്തേക്ക് കടത്തിവിടാൻ ആവശ്യപ്പെടുന്നു.

ഇതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംയുക്ത വിദ്യാർഥി പ്രതിരോധം ശക്തമായതോടെ എസ്എഫ്ഐ നേതാക്കൾ ക്യാംപസിൽ കയറാനാകാതെ മടങ്ങി. ഇന്നലെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു 3 വരെ കോളജ് പ്രവേശനകവാടത്തിനു പുറത്ത് ശക്തമായ സംഘർഷ സാധ്യതയാണ് നിലനിന്നത്. ഇതിനിടെ പൊലീസ് 2 തവണ ലാത്തിവീശി.

 തുടക്കം ഇങ്ങനെ

വ്യാഴാഴ്ച വൈകിട്ട് കോളജിലെ 4 വിദ്യാർഥികളെ മർദിച്ചിരുന്നു. അക്രമത്തിൽ എസ്എഫ്ഐ ജില്ലാ നേതാക്കളും കോളജിലെ 3 എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാർഥികളുടെ പരാതി. സംഭവത്തിലുൾപ്പെട്ടവരെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് രാവിലെ 10ന് വിദ്യാർഥികൾ  ഉപരോധം തുടങ്ങി.

ഇതിനിടെ കോളജ് അച്ചടക്ക സമിതി ചേർന്ന് അക്രമത്തിലുൾപ്പെട്ട എസ്എഫ്ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു. ഇവരെ പിന്തുണച്ച എസ്എഫ്ഐക്കാരായ വിദ്യാർഥികളെയും ക്യാംപസിൽ പ്രവേശിപ്പിക്കില്ലെന്ന് സംയുക്ത സമിതിയും സംഭവത്തിലുൾപ്പെടാത്ത എസ്എഫ്ഐക്കാരെ ക്യാംപസിൽ പ്രവേശിപ്പിക്കണമെന്ന് എസ്എഫ്ഐ നേതൃത്വവും നിലപാടെടുത്തു.

 വിദ്യാർഥികളുടെ പ്രതിരോധ മതിൽ

ജില്ലാ കമ്മിറ്റിയംഗങ്ങളുടെയും പുറത്തുനിന്നുള്ള മറ്റ് എസ്എഫ്ഐക്കാരുടെയും സഹായത്തോടെ കോളജിലേക്കു തള്ളിക്കയറാൻ ശ്രമിച്ച വനിതകളടക്കമുള്ള എസ്എഫ്ഐ പ്രവർത്തകർക്കു മുന്നിൽ കോളജിലെ മറ്റു വിദ്യാർഥികൾ പ്രതിരോധ മതിൽ തീർത്തു.ഡിവൈഎസ്പി ആർ. ശ്രീകുമാർ പുറത്തുനിന്നുള്ള എസ്എഫ്ഐ നേതാക്കളെ സ്ഥലത്തുനിന്നു നീക്കിയതോടെയാണ് സംഘർഷത്തിന് അൽപം അയവു വന്നത്.

 ലാത്തിവീശി പൊലീസ്

ചില പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കാഞ്ഞതോടെ പൊലീസ് ചെറിയ തോതിൽ ലാത്തി വീശി. പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച 3 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. പ്രിൻസിപ്പൽ ഡോ. റോയ് സാം ദാനിയേൽ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. പ്രതിഷേധം തീർത്ത വിദ്യാർഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു. എന്നാൽ ക്യാംപസിൽ നടക്കുന്നത് എസ്എഫ്ഐ ഗുണ്ടായിസമാണെന്നു പ്രിൻസിപ്പൽ പറഞ്ഞു.

 6 പേർക്കെതിരെ കേസ്

കോട്ടയം∙ വ്യാഴാഴ്ച മാരകായുധങ്ങളുമായെത്തി  മർദിച്ചെന്ന വിദ്യാർഥികളുടെ പരാതിയിൽ കണ്ടാൽ അറിയാവുന്ന 6 പേർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.വിനോദയാത്രയ്ക്കിടെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയെ മർദിച്ച കുറ്റത്തിന് കോളജിലെ 2 വിദ്യാർഥികളെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ക്യാംപസ് വിട്ടു പോകവെയാണ് ആക്രമണമുണ്ടായത്

 ‘അപലപനീയം’

കോട്ടയം സിഎംഎസ് കോളജിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഒരു വിദ്യാർഥി സംഘടന നടത്തിയ  ശ്രമം അപലപനീയമാണെന്ന് സിഎസ്ഐ മാനേജ്മെന്റ്. വിനോദയാത്രയ്ക്കിടെ 2 വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളെ രാഷ്ട്രീയവൽക്കരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. 

 ഫെസ്റ്റ് മാറ്റി

ബോട്ടണി വിഭാഗം ഇന്ന് നടത്താനിരുന്ന ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ് മാറ്റിവച്ചു. ഫോൺ: 9074873750

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com