ADVERTISEMENT

കോട്ടയം ∙ മരണം തൊട്ടുമുന്നിൽ പാഞ്ഞുവരുമ്പോഴും കുടുബത്തിനായി ഓടുകയായിരുന്നു ചന്ദ്രമോഹനൻ. ഭാര്യ സതിയമ്മയെ രക്തസമ്മർദം കൂടിയതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കളായ ആര്യയും അഞ്ജലിയുമാണ് ആശുപത്രിയിലെ കാര്യങ്ങൾ നോക്കിയത്. ഇതിനിടെയാണ് കാസർകോട്ടെ ജോലിസ്ഥലത്തു നിന്നു ചന്ദ്രമോഹനൻ കോട്ടയത്തേക്കെത്തിയത്.

അടുത്ത മേയിൽ സർവീസിൽ നിന്നു വിരമിക്കാനിരിക്കുന്ന ചന്ദ്രമോഹനൻ നാട്ടിലെത്തിയപ്പോൾ സർവീസിൽ നിന്നു വിരമിക്കുന്നതിന്റെ ചില രേഖകൾ കൂടി ശരിയാക്കാൻ പോയി.രാവിലെ കോട്ടയത്തു സുഹൃത്തുക്കളെ കണ്ട് ഇക്കാര്യങ്ങൾ സംസാരിച്ചതിനു ശേഷം പോകുമ്പോഴായിരുന്നു വിധി കീഴടക്കിയത്. വീട്ടിലെത്താൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കെയായിരുന്നു ദുരന്തം. പത്തു മിനിറ്റ് കൂടി നടന്നാൽ ഈ യാത്ര വീട്ടിൽ അവസാനിക്കുമായിരുന്നു. 

വില്ലനായി കണ്ണും മൂക്കുമില്ലാത്ത ഓട്ടം

പുതുവർഷത്തിൽ ജില്ലയിലെ റോഡുകൾ കൊലക്കളമാകുന്നു. പുതുവർഷത്തിലെ ആദ്യ മാസം പകുതി മാത്രം പിന്നിടുമ്പോൾ ഞെട്ടിപ്പിക്കുന്ന 4 അപകടങ്ങളാണ് ജില്ലയിൽ നടന്നത്. 6ന് ഉച്ചയ്ക്ക് പാലാ–തൊടുപുഴ റോഡിൽ അല്ലപ്പാറയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ആന്ധ്രാ സ്വദേശിയായ തീർഥാടകനും ലോട്ടറി വിറ്റ് ജീവിച്ചിരുന്ന, ശാരീരിക വെല്ലുവിളി നേരിടുന്നയാളും കൊല്ലപ്പെട്ടു. സ്ഥിരം അപകട മേഖലയിലായിരുന്നു സംഭവം.

തൊട്ടടുത്ത ദിവസം ഏഴിന് വെളുപ്പിന് വൈക്കം ചേരുംചുവടു പാലത്തിനു സമീപം കാറിലേക്ക് ബസ് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാലുപേർ തൽക്ഷണം മരിച്ചു. വാഹനങ്ങളുടെ അമിത വേഗവും റോഡിലെ അപാകതകളും ഇവിടെയും വില്ലൻ. ഉദയംപേരൂർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. 12നു രാത്രിയിൽ തുരുത്തിയിലുണ്ടായ അപകടത്തിൽ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു.

സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലത്തു തന്നെയായിരുന്നു ഈ സംഭവവും. 14ന് ഉച്ചയ്ക്ക് ബേക്കർ ജംക്‌ഷനിൽ വരി തെറ്റിപ്പാഞ്ഞ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവാവ് കൊല്ലപ്പെട്ടു. വൈക്കത്ത് ഇടറോഡിൽ നിന്ന് തിരിഞ്ഞു കയറിയ സൈക്കിൾ യാത്രികൻ കെഎസ്ആർടിസി ബസ് ഇടിച്ചു കൊല്ലപ്പെട്ടതും ഇൗ മാസം തന്നെ. 

സീബ്രാ ലൈൻ ഇല്ല

സീബ്രാ ലൈൻ ഇല്ലാതെ ചുങ്കം കവല. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങളുടെ അമിത വേഗവും വില്ലൻ. പൊലീസ് സാന്നിധ്യവും പ്രദേശത്തില്ല. ടിപ്പർ, ടോറസ് ലോറികൾ ഒട്ടേറെ കടന്നു പോകുന്ന വഴികൂടിയാണ് ഇത്. റോഡ് നവീകരിച്ച ശേഷം ഇവിടെ സീബ്രാ ലൈൻ വരച്ചിട്ടില്ല. നേരത്തേയുണ്ടായിരുന്ന ലൈനിനു സമീപത്തു കൂടി തന്നെയാണ് ഇന്നലെ അപകടത്തിൽപെട്ട ചന്ദ്രമോഹനൻ റോഡ് മുറിച്ചു കടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com