ADVERTISEMENT

ചങ്ങനാശേരി ∙ മാതാപിതാക്കളുടെ പാതയിൽ നിന്ന് വേറിട്ട് നടക്കാൻ മോഹിച്ച് കോഴിക്കോട് നിന്ന് ചങ്ങനാശേരിയിൽ എത്തിയ അദ്വൈത് ദീപക്കിന് (99.97 പെർസെന്റൈൽ) ജെഇഇ മെയിൻ പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക്. കോഴിക്കോട് ചേവായൂർ ആർദ്രത്തിൽ ഡോ.റിജിൽ ദീപക്കിന്റെയും (കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി) ഡോ.ദർശനയുടെയും (കോഴിക്കോട് ഇഎൻടി ആശുപത്രി) മകനായ അദ്വൈത് രാജ്യത്തെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ്ങിന് പ്രവേശനം നേടണം എന്ന ആഗ്രഹത്തിലാണ് എൻട്രൻസ് പരിശീലനം കൂടി ലക്ഷ്യമാക്കി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ സ്കൂളിൽ പ്ലസ് ടു പഠനത്തിനെത്തിയത്.

99.93 പെർസെന്റൈൽ നേടിയ മിഥുൻ ചന്ദ്രശേഖറും പ്ലാസിഡ് വിദ്യാർഥിയാണ്. 12 കുട്ടികൾ 99 പെർസെന്റൈലും  9 പേർ 98 ഉം 5 പേർ 97 ഉം നേടി. ദർശനയുടെ മാതാപിതാക്കളായ ബാലകൃഷ്ണൻ നായർ, രമ എന്നിവർക്കൊപ്പം ചെത്തിപ്പുഴയിലെ വാടക വീട്ടിലാണ് 2 വർഷമായി അദ്വൈത് താമസിക്കുന്നത്. 6-ാം ക്ലാസ് വിദ്യാർഥിനി അവന്തിക സഹോദരിയാണ്. പഠനവഴികളെക്കുറിച്ച് അദ്വൈത് പറയുന്നു: 

 ജെഇഇ താൽപര്യം വന്നതെങ്ങനെ ?

കണക്കിനോടും സയൻസ് വിഷയങ്ങളോടുമായിരുന്നു കൂടുതൽ ഇഷ്ടം. 10 ക്ലാസ് ആയതോടെ താൽപര്യം വർധിച്ചു. രാജ്യത്തെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ് പഠനം നടത്തണം എന്ന ആഗ്രഹം ജെഇഇ എഴുതാൻ പ്രേരകമായി.

 പഠനരീതി ?

പരീക്ഷയ്ക്കു മുൻപുള്ള മാസങ്ങളിൽ മോക് ടെസ്റ്റുകൾ ചെയ്തിരുന്നു. വിനോദങ്ങൾക്ക് താൽക്കാലിക അവധി നൽകി. ക്ലാസുള്ള ദിവസങ്ങളിൽ 7 മണിക്കൂറും ക്ലാസില്ലാത്ത ദിവസങ്ങളിൽ 15 മണിക്കൂറും പഠനത്തിനായി നീക്കിവച്ചു.

 ഭാവി പരിപാടികൾ ?

ജെഇഇ അഡ്വാൻസ് പരീക്ഷ എഴുതണം. ഐഐടി പ്രവേശനമാണ് ആഗ്രഹിക്കുന്നത്. നീറ്റ് പരീക്ഷയും എഴുതുന്നുണ്ട്.  കെമിസ്ട്രി ഒളിംപ്യാഡിൽ പങ്കെടുത്തിരുന്നു. അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്ലസ് ടു പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

പാലാ ബ്രില്യന്റിന് വിജയത്തിളക്കം

 കോട്ടയം∙ ജെഇഇ മെയിൻ പരീക്ഷയിൽ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന് ഉന്നതവിജയം. കേരളത്തിൽ നിന്ന് ഒന്നാമതെത്തിയ അദ്വൈത് ദീപക് ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർഥിയാണ്. ആദിത്യ ബൈജു, കെ.എസ്. വരുൺ, ബിജോ ജോൺ, മിഥുൻ ചന്ദ്രശേഖർ, ഇബ്രാഹിം സുഹൈൽ ഹാരിസ്, എ. അഭിജിത്ത് എന്നിവർ 99.9 പെർസെന്റൈൽ സ്കോർ നേടി.

114 വിദ്യാർഥികൾ 99 പെർസെന്റൈലിന് മുകളിൽ  എത്തി. 98 പെർസന്റൈലിനു മുകളിൽ 253 കുട്ടികളും 97നു മുകളിൽ 398 പേരും 96 നു മുകളിൽ 574 ഉം, 95നുമുകളിൽ 643 വിദ്യാർഥികളും ഉണ്ട്.  ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ് കുമാർ എന്നിവർ വിദ്യാർഥികളെ  അനുമോദിച്ചു.

മാന്നാനം കെഇ കേരളത്തിൽ ഒന്നാമത്

 മാന്നാനം∙  ജെഇഇ മെയിൻ പരീക്ഷയിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്ന് 20 കുട്ടികൾ 99 പെർസെന്റൈൽ സ്‌കോറിനു മുകളിൽ നേടി.   കഴിഞ്ഞ വർഷങ്ങളിലും മാന്നാനം കെഇ സ്കൂൾ തന്നെ ആയിരുന്നു സംസ്ഥാനതലത്തിൽ  മികച്ച പ്രകടനം കാഴ്‌ച വച്ചത്. 99.94 പെർസെന്റൈൽ സ്‌കോർ നേടിയ ആദിത്യ ബൈജുവാണ് സ്കൂളിൽ ഒന്നാമതെത്തിയതെന്ന് പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശ്ശേരി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com