ADVERTISEMENT

കോട്ടയം ∙ കുവൈത്തിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവർക്ക് കോവിഡ് 19 ( കൊറോണ രോഗം) ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശം ജില്ലയിലെ നൂറു കണക്കിന് പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കി. അവധിക്ക് വന്നവർ, കുടുംബമായി എത്തിയവർ, ആദ്യമായി ജോലിക്ക് പോകുന്നവർ തുടങ്ങി അനേകം പേരുടെ യാത്രയാണ് അനിശ്ചിതത്വത്തിലായത്. 

രോഗസാധ്യത ഇല്ലാത്തവരുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുവാനോ റിപ്പോർട്ട് നൽകുവാനോ ആരോഗ്യവകുപ്പിനു കഴിയില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇത്തരത്തിൽ കൊറോണ ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 2 പേർ ജില്ലാ ആരോഗ്യ വകുപ്പിനെ സമീപിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് നോർക്ക റൂട്ട്സിലും അനേകം പേർ എത്തുന്നുണ്ട്. എന്നാൽ ഇവർ എന്ത് ചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകാൻ അധികൃതർക്കു ആകുന്നില്ല.

പരിശോധിക്കേണ്ടത് രോഗലക്ഷണം ഉള്ളവരെ: ഡിഎംഒ

രോഗം സംശയിക്കുന്നവർ, രോഗ സാധ്യതയുള്ളവർ എന്നിവരുടെ സ്രവ സാംപിൾ ആണ് സാംപിൾ പരിശോധനയ്ക്ക് അയയ്ക്കാൻ ആരോഗ്യ വകുപ്പിൽ നിന്ന് നിർദേശം ലഭിച്ചിട്ടുള്ളത്. ആലപ്പുഴ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് പരിശോധന നടത്തുന്നത്.  പനി, ശ്വാസ തടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുകയും സാംപി‍ൾ ശേഖരിച്ച് പരിശോധനയ്ക്ക് അയ്ക്കുകയും ചെയ്യുന്നത്.

15 സാംപിളുകളുടെ ഫലം നെഗറ്റീവ്

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 15  പേരുടെ സാംപിളുകളാണ് ആലപ്പുഴ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചത്. ആർക്കും രോഗമില്ലെന്നു പരിശോധനാ ഫലം ലഭിച്ചു. നിലവിൽ ആരും ഇവിടെ ചികിത്സയിൽ ഇല്ല. കൊറോണ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്നു വന്ന 41 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

 നിരീക്ഷണത്തിൽ

ചൈന കൂടാതെ ഇറ്റലി, ജപ്പാൻ, വിയന്ന, കൊറിയ, തായ്‌ലൻഡ് ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നത്.

നിർദേശം ശ്രദ്ധയിൽപെട്ടു: നോർക്ക റൂട്ട്സ് 

കുവൈത്തിലേക്ക് പോകുന്നവർക്ക് കൊറോണ ഇല്ലെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശം ശ്രദ്ധയിൽപെട്ടതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ‌ അവരെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശിക്കാൻ മാത്രമാണ് കഴിയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com